റിയാദ് - സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയില്‍ ഉപരിപഠനം നടത്തിവന്ന സൗദി വിദ്യാര്‍ഥി അല്‍വലീദ് അല്‍ഗുറൈബി മോഷണ ശ്രമത്തിനിടെ കുത്തേറ്റ് മരിച്ചു. അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ ഫിലാഡല്‍ഫിയ നഗരത്തിലാണ് സംഭവം. അമേരിക്കയിലെ പഠനം പൂര്‍ത്തിയായതോടെ സ്വദേശത്തേക്ക് മടങ്ങുന്നതിനു മുന്നോടിയായി ഫര്‍ണിച്ചര്‍ വില്‍ക്കാന്‍ ആഗ്രഹിച്ച് അല്‍വലീദ് ഫെയ്‌സ്ബുക്കില്‍ പരസ്യം ചെയ്തിരുന്നു. ഫര്‍ണിച്ചര്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സമീപിച്ച യുവതി അല്‍വലീദിനെ കൊലപ്പെടുത്തി പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
ഈ മാസം 23 ന് രാവിലെ 11.30 ന് ആണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. 25 കാരനായ സൗദി വിദ്യാര്‍ഥിയെ താമസിക്കുന്ന കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫഌറ്റിലെ ബാത്ത്‌റൂമില്‍ കഴുത്തിന് കുത്തേറ്റ് മരിച്ചുകിടക്കുന്ന നിലയിലാണ് പോലീസുകാര്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 19 കാരിയായ നിക്കോള്‍ മേരി റോജേഴ്‌സിനെ ഫിലാഡല്‍ഫിയ പോലീസ് അന്വേഷിക്കുന്നുണ്ട്. കറുത്ത വര്‍ഗക്കാരിയായ ഇവര്‍ ജോര്‍ജിയയിലെ കൊളംബസ് നിവാസിയാണ്.
പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്കന്‍ പോലീസ് 20,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.