ഇസ്‌ലാമാബാദ്- പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ ഇസ് ലാമാബാദ് 500 ദശലക്ഷം ഡോളറിന്റെ കടം തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യം അഗാധഗര്‍ത്തത്തിലേക്ക് വീഴും. ഇതില്‍ ഭൂരിഭാഗവും ചൈനയിലെ ഒരു വാണിജ്യ ബാങ്കിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 അവസാനത്തോടെ പാക്കിസ്ഥാന്റെ വിദേശ കടം 126 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതില്‍ 500 ദശലക്ഷം ഡോളര്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ചൈനക്ക് നല്‍കേണ്ടതുണ്ട്, അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പാക്കിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയില്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്ത് ചെലവു ചുരുക്കല്‍ പദ്ധതികളവതരിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ എം.പിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കമുള്ള തീരുമാനമാണ് കൈകൊണ്ടത്.
അതേസമയം പ്രതിസന്ധി പരിഹരിക്കാനാവശ്യമായ സഹായത്തിന് അമേരിക്കയോട് പാക് സര്‍ക്കാര്‍ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. വൈദ്യുതി, പ്രകൃതിവാതക വിലവര്‍ധിപ്പിക്കും, എം.പിമാരുടെ ശമ്പളം 15 ശതമാനത്തോളം വെട്ടിക്കുറക്കും, സൈന്യത്തിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അനുവദിച്ച ഭൂമി വീണ്ടെടുക്കും, എം.പിമാരുടെ വിവേചനാധികാര പദ്ധതികള്‍ വെട്ടിച്ചുരുക്കും, ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഫണ്ടിങ്ങിനുള്ള വിവേചനാധികാരം വെട്ടിച്ചുരുക്കും, വാതക/ വൈദ്യുതി നിരക്ക് പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറും, ശമ്പളത്തോടൊപ്പം നല്‍കുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കും, എല്ലാ മേഖലകളിലും 30 ശതമാനത്തോളം പെട്രോള്‍ ഉപയോഗം കുറക്കും, വിദേശ സന്ദര്‍ശനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും, ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തും തുടങ്ങിയ തീരുമാനങ്ങളാണ് സര്‍ക്കാര്‍ യോഗത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.