കൊച്ചി- ഹൈക്കോടതി അഭിഭാഷകന്‍ ജഡ്ജിമാര്‍ക്ക് നല്‍കാനായി കക്ഷികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം അന്വേഷിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് ഡി ജി പിക്ക് കൈമാറി. പ്രത്യേക ദൂതന്‍ മുഖാന്തിരമാണ് റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തെത്തിച്ചത്. ഡി ജി പി ഇത് പ്രത്യേക ദൂതന്‍ മുഖാന്തിരം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിക്കും. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നാണ് സൂചന. ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കല്‍ മാത്രമാണ് കമ്മീഷണര്‍ നടത്തിയത്. ഈ മൊഴികളിലെ വസ്തുതകള്‍ കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ അനുമതി ലഭിച്ചാലുടന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സൈബി ജോസ് കിടങ്ങൂരിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കും.
സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍നിന്ന് വന്‍തോതില്‍ പണംവാങ്ങിയെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സൈബി ജോസിനെതിരേ കോടതിയലക്ഷ്യ നടപടിയടക്കം ശുപാര്‍ശചെയ്താണ് വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍ ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ടുനല്‍കിയത്. രജിസ്ട്രാര്‍ ഇത്തരത്തില്‍ വ്യക്തമായ കണ്ടെത്തല്‍ നടത്തിയ സാഹചര്യത്തില്‍ കേസേടുത്ത് അന്വേഷണം നടത്താതെ മുന്നോട്ടു പോകാന്‍ പോലീസിന് കഴിയില്ല. ഹൈക്കോടതി നേരിട്ട് നിര്‍ദേശിച്ച കേസായതിനാലാണ് കോടതിയുടെ അനുമതിയോടെ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന് പോലീസ് മേധാവി തീരുമാനിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം പോലീസിന് തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം നടത്താന്‍ നിയമപരമായി സാധിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ സൈബി സിനിമാപ്രവര്‍ത്തകരടക്കമുള്ള കക്ഷികളില്‍നിന്ന് വലിയതുക വാങ്ങിയെന്ന് ഹൈക്കോടതി രജിസ്ട്രാറിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ എന്നിവര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ സൈബി കക്ഷികളില്‍നിന്ന് പണം വാങ്ങിയെന്ന് നാല് അഭിഭാഷകര്‍ രജിസ്ട്രാര്‍ക്ക് മൊഴി നല്‍കി. ജസ്റ്റിസ് കുഞ്ഞികൃഷ്ണനു നല്‍കാനെന്നു പറഞ്ഞ് 25 ലക്ഷംരൂപയും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന് നല്‍കാനെന്ന പേരില്‍ രണ്ടുലക്ഷംരൂപയും ജസ്റ്റിസ് സിയാദ് റഹ്മാനു നല്‍കാനെന്നപേരില്‍ 50 ലക്ഷംരൂപയും സൈബി വാങ്ങിയത് അറിയാമെന്നാണ് അഭിഭാഷകര്‍ മൊഴിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബാര്‍ കൗണ്‍സിലിനോട് നിര്‍ദേശിക്കുന്നതും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
എന്നാല്‍ കമ്മീഷണര്‍ നടത്തിയ മൊഴിയെടുക്കലില്‍ പണം നല്‍കിയ സിനിമാ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയും അഡ്വ. സൈബി ജോസും ആവര്‍ത്തിച്ചത് വക്കീല്‍ ഫീസ് മാത്രമാണ് കൈമാറിയതെന്നാണ്. പണം നല്‍കിയ ആളും വാങ്ങിയ ആളും കൈക്കൂലി ആരോപണം നിഷേധിച്ച സാഹചര്യത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ മാത്രമേ സത്യം കണ്ടെത്താനാകൂവെന്നതാണ് പോലീസ് നിലപാട്. അതേസമയം മൊഴിയെടുത്ത മറ്റ് അഭിഭാഷകര്‍ നല്‍കിയ മൊഴി സൈബി ജോസിന് എതിരാണ്. 2022 ഒക്ടോബര്‍ 17ന് എറണാകുളം വാര്യം റോഡിലെ ഹോട്ടലില്‍വെച്ച് പീഡനക്കേസില്‍ പ്രതിയായ സിനിമാനിര്‍മാതാവുമായി നടത്തിയ സംഭാഷണത്തില്‍ കേസുമായി ബന്ധപ്പെട്ട് സൈബിക്ക് 25 ലക്ഷംരൂപ നല്‍കിയതായും കുറച്ച് തുക ജഡ്ജിക്ക് നല്‍കണമെന്ന് സൈബി പറഞ്ഞതായും നിര്‍മാതാവ് വെളിപ്പെടുത്തിയെന്ന് ഒരു അഭിഭാഷകന്റെ മൊഴിയിലുണ്ട്. എന്നാല്‍ മൊഴികളല്ലാതെ തെളിവുകളൊന്നും ഹാജരാക്കാന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.