ന്യൂദല്‍ഹി- നമ്മള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
വര്‍ണാഭമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. തലസ്ഥാനത്ത് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പചക്രം സമര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയാണ് മുഖ്യാതിഥിയായി പങ്കെടുത്തത്.
ഈജിപ്ത് സായുധ സേനയും ബാന്‍ഡ് സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്‌ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്‌ലോട്ടുകളും പരേഡില്‍ അണിനിന്നു. വന്ദേഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത-നൃത്ത വിരുന്നും പരേഡിന്റെ ഭാഗമായി. കനത്ത സുരക്ഷയിലാണു റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടക്കുന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 150 ലേറെ സിസിടിവി കാമറകളും ക്രമീകരിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘേഷത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 29ന് ബീറ്റിങ് റിട്രീറ്റോടെയാണ് അവസാനിക്കുക.