ന്യൂദല്‍ഹി-യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരത്തിന് വ്യവസ്ഥ. ആഭ്യന്തര യാത്രക്കാര്‍ക്ക് നികുതി ഉള്‍പ്പെടെ ടിക്കറ്റ് നിരക്കിന്റെ 75ശതമാനം തിരികെ ലഭിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെതാണ് (ഡി ജി സി എ) നിര്‍ദേശം.വിദേശ യാത്രകള്‍ക്ക് മൂന്നുവിഭാഗങ്ങളിലായാണ് തുക തിരികെ നല്‍കുക. വിമാനങ്ങള്‍ റദ്ദാക്കല്‍, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാല്‍ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ റിക്വയ്ര്‍മെന്റില്‍ (സി എ ആര്‍) ഡി ജി സി എ ഭേദഗതി വരുത്തി. പുതിയ മാനദണ്ഡങ്ങള്‍ ഫെബ്രുവരി 15 മുതല്‍ നിലവില്‍ വരും. വിമാന യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.വിദേശ യാത്രകള്‍ക്ക് 1,500 കിലോമീറ്ററോ അതില്‍ താഴെയോ പറക്കുന്ന വിമാനങ്ങള്‍ക്കു നികുതി ഉള്‍പ്പെടെ ടിക്കറ്റ് വിലയുടെ 30ശതമാനം ലഭിക്കും. 1,500 മുതല്‍ 3,500 കിലോമീറ്റര്‍ വരെ പറക്കുന്ന വിമാനങ്ങള്‍ക്ക് ടിക്കറ്റിന്റെ വിലയുടെ 50ശതമാനം ലഭിക്കും. 3,500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കു നികുതി ഉള്‍പ്പെടെ ടിക്കറ്റിന്റെ 75ശതമാനം ലഭിക്കും.