ന്യൂദല്‍ഹി - കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടെ 65 പട്രോളിംഗ് പോയന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷത്തിനിടെയാണ് പട്രോളിംഗ് പോയിന്റിന്റെ നിയന്ത്രണംകൂടി നഷ്ടപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കാരകൊറം പാസ് മുതല്‍ ചുമുര്‍ വരെ ദിവസവും ഇന്ത്യന്‍ സുരക്ഷാ സേന പട്രോളിംഗ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുള്ളത്. ഇതില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം സുരക്ഷാ സേന പട്രോളിംഗ് നടത്താത്തതു കൊണ്ടോ, അല്ലെങ്കില്‍ മറ്റു പരിമിതികള്‍മൂലമോ നഷ്ടപ്പെട്ടു. അഞ്ച് മുതല്‍ 17 വരെയും 24 മുതല്‍ 32 വരെയുമുള്ള പട്രോളിംഗ് പോയന്റുകളുടെയും 37 ാം നമ്പര്‍ പട്രോളിംഗ് പോയന്റിന്റേയും നിയന്ത്രണമാണ് നഷ്ടപ്പെട്ടതെന്ന് ലേയിലെ പോലീസ് ഉദ്യോഗസ്ഥ പി.ഡി. നിത്യ പറഞ്ഞു.
ദല്‍ഹിയില്‍ നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ സേനയുടെ സാന്നിധ്യം കാണാത്തതിനെത്തുടര്‍ന്ന് ഈ മേഖലകളില്‍ ചൈനീസ് സംഘം എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബഫര്‍ സോണില്‍ പോലും ഇന്ത്യന്‍ പട്രോളിംഗ് ചൈന എതിര്‍ക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം ഇന്ത്യയുടെ പിന്‍വാങ്ങല്‍ ഉറപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമാന തന്ത്രം തന്നെയാണ് ഗാല്‍വനില്‍ ചെനീസ് സേന പ്രയോഗിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.