Sorry, you need to enable JavaScript to visit this website.

അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവ്, സ്‌റ്റോക്ക് കൃത്രിമവും അക്കൗണ്ട് തട്ടിപ്പും നടത്തി

ന്യൂദല്‍ഹി- അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ തട്ടിപ്പ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവ്. അദാനി ഗ്രൂപ്പിനെതിരേ അതീവ ഗൗരവമുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. കാലങ്ങളായി കമ്പനി സ്‌റ്റോക്ക് കൃത്രിമവും അക്കൗണ്ട് തട്ടിപ്പും നടത്തുന്നുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയത്. കള്ളപ്പണം വെളുപ്പില്‍ ആരോപണവും ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ തന്നെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വിപണിയില്‍ നിലതെറ്റി വീണു. അംബുജ സിമന്റ്‌സ്, എസ്സി, അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചങ്ങാത്തത്തിലും അന്താരാഷ്ട്ര ബന്ധങ്ങളുടെ മറവിലുമാണ് അദാനി ഗ്രൂപ്പിന്റെ തട്ടിപ്പെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. എന്നാല്‍, തങ്ങളുടെ പ്രശസ്തി തകര്‍ക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
രണ്ടു വര്‍ഷമെടുത്താണ് അദാനി ഗ്രൂപ്പിനെ നിഴലില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ഹിന്‍ഡര്‍ബര്‍ഗ് റിസേര്‍ച്ച് അവകാശപ്പെടുന്നത്. സാമ്പത്തിക മേഖലയില്‍ പഠനം നടത്തുന്ന സ്ഥാപനത്തിന്റെ മുന്‍കാല റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമായിരുന്നു. അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഏഴു കമ്പനികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ റിസേര്‍ച്ച് നടത്തിയത്. ഈ ഏഴ് കമ്പനികളുടെയും വ്യാപാരം യഥാര്‍ഥത്തില്‍ ഉള്ള മൂല്യത്തേക്കാള്‍ 85 ശതമാനത്തോളം ഉയര്‍ത്തിയാണ് കാണിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാല്‍ തന്നെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്നാണു നില്‍ക്കുന്നതെന്നു മനസിലാകുമെന്നും ഹിന്‍ഡര്‍ബര്‍ഗ് പറയുന്നു.
ഷെല്‍ കമ്പനികള്‍, നികുതി വെട്ടിക്കല്‍, വ്യാജ രേഖകള്‍ എന്നിവയാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍. കമ്പനികളുടെ ഓഹരികള്‍ പണയപ്പെടുത്തി വായ്പ എടുത്തു അദാനി ഗ്രൂപ്പിന്റെ സാമ്പത്തി നില തന്നെ കെണിയിലായി. നികുതി വെട്ടിക്കാനാനായി കരീബിയന്‍ ദ്വീപുകളിലും മൗറീഷ്യസിലും യുഎഇയിലും വ്യാജ കമ്പനികള്‍ തുടങ്ങി. മൗറീഷ്യസില്‍ മാത്രം ഇത്തരത്തില്‍ 38ലേറെ ഷെല്‍ കമ്പനികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.     
എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് തങ്ങളെ ഞെട്ടിച്ചു എന്നാണ് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷീന്ദര്‍ സിംഗ് പ്രതികരിച്ചത്. ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണ്. റിപ്പോര്‍ട്ട് പുറത്തു വന്ന സമയം തന്നെ സംശയകരമാണ്. തങ്ങളുടെ നിക്ഷേപകരില്‍ ആരും തന്നെ കടബാധ്യതകളില്‍ ഇതുവരെ ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗിന്റെ തന്നെ സമയത്ത് റിപ്പോര്‍ട്ട് വന്നതില്‍ ദുരൂഹത ഉണ്ടെന്നും ജുഗുഷീന്ദര്‍ സിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.      
എന്നാല്‍, അദാനി ഗ്രൂപ്പിന്റെ മുന്‍ സീനിയര്‍ എക്‌സിക്യുട്ടീവുമാരോട് ഉള്‍പ്പടെ വിശദമായി വിവരങ്ങള്‍ തേടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴു കമ്പനികളില്‍ അഞ്ച് കമ്പനികളുടെയും സ്ഥിതി അങ്ങേയറ്റം മോശമാണ്. അദാനി ഗ്രൂപ്പിന്റെ തലപ്പത്തുള്ള 22 പേരില്‍ എട്ടു പേരും അദാനി കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. സാമ്പത്തിക തീരുമാനങ്ങളെല്ലാം തന്നെ ഇവരിലൂടെ മാത്രമാണ് മുന്നോട്ട് പോകുന്നത്. നേരത്തെ അദാനി ഗ്രൂപ്പിനെതിരേ സര്‍ക്കാര്‍ തലത്തിന്‍ അന്വേഷണമുണ്ടായിരുന്നു. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നി ഇതില്‍ ഉള്‍പ്പെടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2004-1005 വര്‍ഷത്തില്‍ ഡയമണ്ട് കയറ്റുമതി, ഇറക്കുമതിയില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സിന്റെ കേസില്‍ പെട്ടിരുന്നു. വിവിധ ആരോപണങ്ങളിലും നികുതി വെട്ടിപ്പിലും പെട്ട് ഇയാള്‍ രണ്ടു തവണ അറസ്റ്റിലായിട്ടുണ്ടെന്നും ഇയാള്‍ പിന്നീട് അദാനി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡയമണ്ട് വ്യാപാരവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഗൗതം അദാനിയുടെ ബന്ധു സമീര്‍ വോറയും ഡിആര്‍ഐയുടെ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ പിന്നീട് അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയ വിഭാഗത്തില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആയെന്നും ചൂണ്ടിക്കാട്ടുന്നു.
ഗൗതം അദാനിയുടെ സഹോദരന്റെ നേതൃത്വത്തിലാണ് മൗറീഷ്യസിലെ ഷെല്‍ കമ്പനികള്‍ രൂപീകരിച്ചിരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട വ്യാജ കമ്പനികളുടെ 13 വെബ്‌സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഓഹരി വിപണി രംഗത്ത് കൃത്രിമം കാണിക്കുന്നതിനാണ് വിനോദ് അദാനിയുടെ നേതൃത്വത്തില്‍ മൗറീഷ്യസിലുള്ള ഷെല്‍ കമ്പനികള്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ പരാതികളുടെയും മാധ്യമ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപങ്ങളെക്കുറിച്ച് കഴിഞ്ഞ ഒന്നര വര്‍ഷമായി അന്വേഷണം നടത്തുന്നുണ്ടെന്ന് സെക്യൂരിറ്റി എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിവരാവകാശ പ്രകാരം വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
    

 

Latest News