കോഴിക്കോട്- നിപ്പാ വൈറസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ സേവനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയത ഗൊരഖ്പൂരിലെ ഡോക്ടര്‍ കഫീല്‍ ഖാനോട് തല്‍ക്കാലം കേരളത്തിലേക്ക് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ ടിക്കറ്റെടുത്ത് യാത്രയ്‌ക്കൊരുങ്ങിയ കഫീല്‍ ഖാന്‍ യാത്ര മാറ്റിവച്ചിരിക്കുകയാണ്. നിപ്പാ ബാധിത പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനു തയാറാണെന്നായിരുന്നു കഫീല്‍ ഖാന്‍ അറിയിച്ചിരുന്നത്.
എന്നാല്‍ കേന്ദ്ര സംഘമടക്കമുള്ള വിദഗ്ധരുടെ സേവനം ഇപ്പോള്‍ ലഭ്യമായതിനാല്‍ കൊച്ചിയിലേക്കുള്ള വിമാന യാത്ര രണ്ടു മൂന്ന് ദിവസത്തേക്ക് നീട്ടിവയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യാത്ര മുടങ്ങിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.