മദീന - കിംഗ് സല്മാന് ഖുബാ മസ്ജിദ് വികസന പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കുന്ന കെട്ടിടങ്ങള്‍ ഒഴിയാന്‍ മദീന വികസന അതോറിറ്റി ഉടമകള്‍ക്ക് നല്കിയ സാവകാശം അവസാനിച്ചു. വരും ദിവസങ്ങളില്‍ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകള്‍ വിച്ഛേദിക്കും.
ആദ്യ ഘട്ടത്തില്‍ 5,50,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ 230 കെട്ടിടങ്ങളാണ് ഖുബാ മസ്ജിദ് വികസന പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്നതെന്ന് മദീന വികസന അതോറിറ്റി കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക് ര്‍ ജനറല്‍ ബന്ദര്‍ മുഹമ്മദ് നാഖറു പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പദ്ധതി ഘട്ടങ്ങള്‍ വിഭജിക്കും. പദ്ധതി പ്രദേശത്തെ പൈതൃക കിണറുകളും ഫാമുകളും അവയുടെ ചരിത്ര പ്രാധാന്യത്തിന് നിരക്കുന്ന നിലയില്‍ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും ബന്ദര്‍ മുഹമ്മദ് നാഖറ പറഞ്ഞു.
കിംഗ് സല്മാന് ഖുബാ മസ്ജിദ് വികസന പദ്ധതി ചുമതല ഏറ്റെടുത്ത ശേഷം ഖുബാ മസ്ജിദ് മേല്‍നോട്ട ചുമതല മാസങ്ങള്‍ക്കു മുമ്പ് മദീന വികസന അതോറിറ്റി ഏറ്റെടുത്തിരുന്നു. കഴിഞ്ഞ റമദാനില്‍ പ്രവാചക നഗരിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് ഖുബാ മസ്ജിദ് വികസന പദ്ധതി പ്രഖ്യാപിച്ചത്. ഒരേസമയം 66,000 പേര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍ ശേഷിയില്‍ 50,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ഖുബാ മസ്ജിദ് വികസന പദ്ധതി നടപ്പാക്കുന്നത്. വികസന പദ്ധതിയിലൂടെ എല്ലാവിധ സൗകര്യങ്ങളോടെയും ഖുബാ മസ്ജിദിന്റെ നാലു ഭാഗത്തും തണല്‍വിരിച്ച മുറ്റങ്ങള്‍ നിര്‍മിക്കും. ഖുബാ മസ്ജിദിനു സമീപമുള്ള റോഡുകളും പശ്ചാത്തല സൗകര്യങ്ങളും വികസിപ്പിക്കുകയും ഖുബാ മസ്ജിദ് കെട്ടിടത്തിന്റെയും ഇവിടുത്തെ സേവനങ്ങളുടെയും കാര്യക്ഷമത ഉയര്‍ത്തുകയും ചെയ്യും.
ഖുബാ മസ്ജിദ് പ്രദേശത്ത് അനുഭവപ്പെടുന്ന തിരക്കിന് ശാശ്വത പരിഹാരം കാണും. ഇതോടൊപ്പം വിശ്വാസികളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും. ഖുബാ മസ്ജിദ് പരിസരത്തുള്ള പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും വികസിപ്പിക്കും. മൂന്നു പ്രവാചക പാതകളുമായി ബന്ധപ്പെട്ട കിണറുകള്‍, തോട്ടങ്ങള്‍, ഫാമുകള്‍ എന്നിവ അടക്കം ഖുബാ മസ്ജിദിനു സമീപത്തുള്ള 57 ചരിത്ര കേന്ദ്രങ്ങളും വികസിപ്പിക്കും.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)