Sorry, you need to enable JavaScript to visit this website.

'ജനാധിപത്യം കാക്കാന്‍ ഞങ്ങളെ സഹായിക്കൂ'; കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങി

ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ പണപ്പിരിവ് പ്രചാരണവുമായി പാര്‍ട്ടി രംഗത്തെത്തി. ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങളെ സഹായിക്കൂ... എന്ന ആഹ്വാനവുമായാണ് കോണ്‍ഗ്രസ് പൊതുജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടുന്നത്. പാര്‍ട്ടിക്ക് മതിയായ ഫണ്ടില്ലെന്ന സമ്മതിക്കാന്‍ കോണ്‍ഗ്രസിന് ഒരു നാണക്കേടുമില്ലെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി പറഞ്ഞിരുന്നു. 

'കോണ്‍ഗ്രസിനു നിങ്ങളുടെ പിന്തുണയും സഹായവും വേണം. ചെറിയ സംഭാവനകള്‍ നല്‍കി 70 വര്‍ഷമായി ഇന്ത്യ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഞങ്ങളെ സഹായിക്കൂ,' എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വന്ന ആഹ്വാനം.

സമ്പന്ന പാര്‍ട്ടിയായ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ നേരിടുന്ന കടുത്ത ഫണ്ട് ക്ഷാമം വലിയ വിലങ്ങാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞി ദിവസം പുറത്തു വന്നിരുന്നു. ബിജെപിയുടെ പണച്ചാക്കുകളെ നേരിടാന്‍ പ്രതിജ്ഞാബദ്ധരായ പൗരന്മാരില്‍ നിന്നും സംഭാവനകള്‍ തേടുമെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടതോടെ  കോര്‍പറേറ്റുകളില്‍ നിന്നുള്ള വലിയ സാമ്പത്തിക സഹായം കോണ്‍ഗ്രസിന് ലഭിക്കുന്നില്ല. 2016-17 സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത് 225.36 കോടി രൂപയാണ്. എന്നാല്‍ ബിജെപിയുടെ പ്രഖ്യാപിത വരുമാനം 1,034 കോടി രൂപയാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Latest News