കശ്മീർ - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര പ്രകൃതി ക്ഷോഭത്തെ തുടർന്ന് നിർത്തി വച്ചു. റമ്പാൻ, ബനിഹാൾ മേഖലകളിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനിടെ പോലീസ് മുന്നറിയിപ്പ് പരിഗണിച്ചാണ് യാത്ര താത്കാലികമായി നിർത്തിയത്.
ഇന്ന് രാവിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ കനത്ത മഴയെ തുടർന്ന് റംബാൻ ജില്ലയിൽ ട്രക്ക് ഡ്രൈവർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതികൂല സാഹചര്യത്തിൽ യാത്ര തുടരരുതെന്ന് ജമ്മു കശ്മീർ ട്രാഫിക് പോലീസ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നാളത്തെ വിശ്രമത്തിന് ശേഷം യാത്ര മറ്റന്നാൾ യാത്ര തുടരുമെന്നാണ് വിവരം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മുവിൽ പ്രവേശിച്ചത്. 30ന് ശ്രീനഗറിൽ പ്രതിപക്ഷ പാർട്ടികളെ പങ്കെടുപ്പിച്ചുള്ള മഹാറാലിയോടെയാണ് യാത്ര സമാപിക്കുക. നിലവിൽ യാത്ര ബനിഹാളിലാണുള്ളത്.