Sorry, you need to enable JavaScript to visit this website.

ആന്റണിയുടെ മോനെ നിർത്തിപ്പൊരിച്ച് നേതാക്കൾ; കോൺഗ്രസ് അനുഭാവിയാകാൻ പോലും കൊള്ളില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം - ബി.ബി.സി ഡോക്യൂമെന്ററി വിവാദത്തിൽ കേന്ദ്ര സർക്കാറിന്റെ ആരോപണങ്ങൾക്ക് കുടപിടിച്ചശേഷം കോൺഗ്രസ് ഡിജിറ്റൽ മീഡിയ മേധാവി സ്ഥാനം രാജിവെച്ച അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യമെന്നാൽ മോദിയല്ലെന്ന മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആൾ കോൺഗ്രസ് അനുഭാവിയായി പോലും തുടരാൻ അർഹനല്ലെന്നും എ.കെ ആന്റണിയുടെ മകനെക്കുറിച്ച് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
 അനിലിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, വൈസ്പ്രസിഡന്റ് വി.ടി ബൽറാം, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, റിജിൽ മാക്കുറ്റി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. 'ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള ബ്രിട്ടന്റെ സ്‌പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ബാധിക്കും' എന്നായിരുന്നു അനിൽ ആന്റണി ട്വീറ്റ് ചെയ്തിരുന്നത്. പാർട്ടി വിരുദ്ധമായ ഈ ട്വീറ്റിനെതിരെ നേതാക്കളിൽനിന്നും സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമർശം ഉയർന്നതിന് പിന്നാലെ ഇന്ന് അനിൽ ആന്റണി പാർട്ടി പദവികൾ രാജിവെക്കുകയായിരുന്നു. അപ്പോഴും പാർട്ടിയിൽ സ്തുതിപാഠകർക്കാണ് സ്ഥാനമെന്നായിരുന്നു അനിലിന്റെ കുറ്റപ്പെടുത്തൽ.

രാഹുൽ മാങ്കൂട്ടത്തിലിന്റെ എഫ്.ബി കുറിപ്പിന്റെ പൂർണരൂപം:
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും, അവഗണിച്ചും ഒരു മനുഷ്യൻ കഴിഞ്ഞ കുറേ മാസങ്ങളായി കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടക്കുന്നത് ഇന്ത്യയെ ഒന്നിപ്പിക്കുവാനാണ്.
ബാബ്‌റി മസ്ജിദ് തകർത്തും, ഗുജറാത്തിൽ കലാപം നടത്തിയുമൊക്കെ ഇന്ത്യയെ കീറി മുറിച്ച് കൊണ്ടിരിക്കുന്ന ഛിദ്ര ശക്തികൾക്കെതിരെയാണ് രാഹുൽ ഗാന്ധി ജോഡോ യാത്രയുമായി നടക്കുന്നത്.
കോൺഗ്രസും രാഹുൽ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബി.ബി.സി അവരുടെ ഡോക്യുമെൻററിയിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്, ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരൻ നരേന്ദ്രമോഡിയാണെന്ന് തന്നെയാണ്. പക്ഷേ, അനിൽ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ല പോലും!
അനിൽ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ ഏതാനും നാൾ മുമ്പ് വാർത്തയിൽ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോൺഗ്രസ് ഡിജിറ്റൽ കമ്യൂണിക്കേഷൻ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്. അനിൽ ആന്റണിയുടെ പ്രവർത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല, എങ്കിലും സാങ്കേതികമായി അനിൽ ആൻറണി കെപിസിസി ഡിജിറ്റൽ മീഡിയ ചെയർമാൻ പദവി വഹിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതിൽ തുടരാനുള്ള അവകാശമില്ല, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാർട്ടി പുറത്താക്കണം പറയാനൊള്ളു..
രാജ്യമെന്നാൽ മോദിയല്ലായെന്ന മല്ലികാർജ്ജുന ഖാർഗെയുടെയും, രാഹുൽ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആൾ കോൺഗ്രസ്സ് അനുഭാവിയായി പോലും തുടരാൻ അർഹനല്ല.
 

Latest News