Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട്; സ്പീക്കര്‍ സ്ഥാനത്തിനായി ബിജെപിയും രംഗത്ത്

ബംഗളുരു- കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടു തേടും. ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ ഭൂരിപക്ഷം ഇന്ന് തെളിയും. ഇതു തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കിലും എത്രയും വേഗം വിശ്വാസ വോട്ടു തേടുമെന്ന് നേരത്തെ തന്നെ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ബിജെപി വിരുദ്ധ പ്രതിപക്ഷത്തിന്റെ ഐക്യം വിളിച്ചോതിയാണ് ബുധനാഴ്ച കുമാരസ്വാമി അധികാരമേറ്റത്. സഭയില്‍ 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ രണ്ടു ദിവസം മാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന ബി എസ് യെദ്യൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് 115 സീറ്റുള്ള ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരമൊരുങ്ങിയത്. 224 അംഗ സഭയില്‍ സഖ്യത്തിന്റെ നില ഭദ്രമാണ്. 

അതേസമയം തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന ശേഷം ഇപ്പോഴും ഹോട്ടലില്‍ കഴിയുന്ന കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിച്ചേക്കുമെന്ന ആശങ്ക അവസാന നിമിഷവും നിലനില്‍ക്കുന്നുണ്ട്. നേരത്തെ ബിജെപി വിശ്വാസ വോട്ട് തേടുന്നതിനു മുമ്പായി കോടികള്‍ ഒഴുക്കി എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി ശ്രമം നടത്തിയത് പുറത്തായിരുന്നു. ശ്രമം പരാജയപ്പെട്ടെങ്കിലും ശക്തി തെളിയിക്കാന്‍ ബിജെപി വീണ്ടും ശ്രമം തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചു. മുന്‍ നിയമ മന്ത്രി സുരേഷ് കുമാറിനെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ രമേശ് കുമാറിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്. രമേശ് കുമാര്‍ മുന്‍ സ്പീക്കര്‍ കൂടിയാണ്.

അതേസമയം ഒരു ബിഎസ്പി അംഗത്തിന്റെ കൂടി പിന്തുണയുള്ള കുമാരസ്വാമിയുടെ നില ഭദ്രമാണ്. ജെഡിഎസിന് 37 അംഗങ്ങളും കോണ്‍ഗ്രസിന് 78 അംഗങ്ങളും ഒരു ബിഎസ്പി എംഎല്‍എയും കുടാതെ ഒരു സ്വതന്ത്രനടക്കം രണ്ട് എംഎല്‍എമാരുടെ കൂടി പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നുണ്ട്്. 

 


 

Latest News