കൊച്ചി- വിദേശ ജോലിക്ക് നല്‍കിയ പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ട്രാവല്‍ ഓഫീസില്‍ കയറി വനിത ജീവനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. പള്ളുരുത്തി, പെരുമ്പടപ്പ് ചക്കനാട്ട് പറമ്പ് വീട്ടില്‍ ജോളി ജയിംസ് 46 ആണ് പിടിയിലായത്. എറണാകുളം രവിപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന റെയ്‌സ് എന്ന ട്രാവല്‍സിലെ ജീവനക്കാരിയും ഇടുക്കി തൊടുപുഴ സ്വദേശിനിയുമായ സൂര്യ (25) ആണ് ആക്രമത്തിന് ഇരയായത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
എറണാകുളം രവിപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന റെയ്‌സ് എന്ന ട്രാവല്‍സില്‍ ജോളി അഞ്ച് വര്‍ഷം മുന്‍പ് ലിത്വാനയില്‍ ജോലിക്ക് വേണ്ടി ഒന്നര ലക്ഷം രൂപകൊടുത്തിരുന്നു. എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ പണം പല പ്രാവശ്യം തിരികെ ചോദിച്ചിട്ടും സ്ഥാപന ഉടമ ആലുവ തായിക്കാട്ടുകര സ്വദേശിയായ മുഹമ്മദ് അലി തിരികെ നല്‍കിയില്ല. പലകാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കി. ഈ വൈരാഗ്യത്തില്‍ സ്ഥാപന ഉടമയെ ലക്ഷ്യമിട്ടെത്തിയതായിരുന്നു ജോളി. എന്നാല്‍ അദ്ദേഹം ഓഫീസിലുണ്ടായിരുന്നില്ല. ഇതാണ് സുര്യയെ ലക്ഷ്യമിടാന്‍ കാരണം. കുത്തേറ്റ് സൂര്യ തൊട്ടുമുന്നിലെ ഹോട്ടലിലേക്കാണ് ഓടിക്കയറിയത്. നാടോടി സ്ത്രീകള്‍ തമ്മിലുണ്ടായ അടിപടിയില്‍ പരിക്കേറ്റതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ ആദ്യം കരുതിയത്. ഈസമയം ഇതുവഴിപോയ സൗത്ത് പോലീസിലെ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതുപെട്ടതോടെയാണ് യുവതിക്ക് രക്ഷയായത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഴത്തിലുള്ള മുറിവായിരുന്നതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം അവിടെ തന്നെ നിലയുറപ്പിച്ച ജോളിയെ ഹോട്ടല്‍ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് സൂര്യ റൈസ് ട്രാവല്‍സില്‍ എത്തുന്നത്. പാലാരിവട്ടത്താണ് ഇവര്‍ താമസിക്കുന്നത്. കഴുത്തില്‍ ശസ്ത്രക്രിയ നടത്തിയിരിക്കുന്നതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ജോളിക്ക് പണം നല്‍കാനില്ലെന്നും വിസവന്നിട്ടും ഇയാള്‍ പോകാതിരുന്നതാെന്നുമാണ് മുഹമ്മദ് അലി നല്‍കിയിരിക്കുന്ന മൊഴിയെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.