റിയാദ് - കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ സൗദി യുവതിക്ക് ഒറ്റ പ്രസവത്തിൽ പിറന്നത് അഞ്ചു കൺമണികൾ. ഗർഭധാരണത്തിന്റെ ആറാം മാസാവസാനത്തിലാണ് രണ്ടു മണിക്കൂർ നീണ്ട സിസേറിയൻ ശസ്ത്രക്രിയയിലൂടെ യുവതി അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ഗർഭധാരണത്തിന്റെ അഞ്ചാം മാസത്തിൽ യുവതിയെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഗർഭസ്ഥ ശിശുക്കൾക്ക് ഗുരുതരമായ സങ്കീർണതകൾക്ക് ഇടയാക്കിയേക്കാവുന്ന വളരെ നേരത്തെയുള്ള പ്രസവം ഒഴിവാക്കാനാണ് അഞ്ചാം മാസത്തിൽ തന്നെ യുവതിയെ അഡ്മിറ്റ് ചെയ്തത്. രണ്ടു മാസത്തോളം യുവതിയെയും ഗർഭസ്ഥശിശുക്കളെയും നിരന്തരം നിരീക്ഷിച്ചു. യുവതിയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി റിയാദ് സെക്കന്റ് ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു. പ്രസവത്തിനിടെയോ പ്രസവശേഷമോ യുവതിക്കും കുഞ്ഞുങ്ങൾക്കും ഒരുവിധ സങ്കീർണതകളും നേരിട്ടിട്ടില്ല. ഒരു കിലോ മുതൽ 1.3 കിലോ വരെയാണ് കുഞ്ഞുങ്ങളുടെ തൂക്കം. ശ്വാസതടസ്സം നേരിടുന്ന കുട്ടികൾ നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തുടർച്ചയായി മെച്ചപ്പെട്ടു വരികയാണെന്നും റിയാദ് സെക്കന്റ് ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു.