VIDEO കോട്ടിട്ട് കഴുത്തില്‍ ക്ലോക്ക് തൂക്കിയ ആള്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞു; ആരാണെന്നറിയില്ല

ബംഗളൂരു- നഗരത്തിലെ മേല്‍പ്പാലത്തില്‍ റോഡിലേക്കും പാലത്തിനു താഴേക്കും നോട്ടുകള്‍ ഒരാള്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ബംഗളൂരു നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റ് ഏരിയയിലെ ഫ്‌ളൈ ഓവറിലാണ് സംഭവം.  
കാല്‍നടയാത്രക്കാര്‍ക്കും താഴെയുള്ള ആള്‍ക്കൂട്ടത്തിനും നേരെയാണ് ഇയാള്‍ നോട്ടുകള്‍ എറിഞ്ഞത്. കോട്ടും പാന്റും ധരിച്ചയാള്‍ നോട്ടുകള്‍ വലിച്ചെറിയുന്നത് ചിലര്‍ വീഡിയോയില്‍ പകര്‍ത്തി. ഇയാള്‍ കഴുത്തില്‍ ഒരു ചുവര്‍ ക്ലോക്ക് തൂക്കിയിട്ടിരുന്നു.  ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി ഇയാളുടെ അടുത്ത് ചെന്ന് പണം ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
നഗരത്തിലെ ടൗണ്‍ഹാളിന് സമീപമുള്ള കെആര്‍ മാര്‍ക്കറ്റില്‍ മേല്‍പ്പാലത്തിന് താഴെയും  ജനങ്ങള്‍ തടിച്ചുകൂടി. 10 രൂപയുടെ നോട്ടുകളായിരുന്നുവെന്നും ഇയാള്‍ 3000 രൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞതായും  സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. ഇയാള്‍ ആരാണെന്നോ പണം വലിച്ചെറിഞ്ഞതെന്തിനാണെന്നോ വ്യക്തമല്ല.
പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News