തിരുവനന്തപുരം : ബി ബി സിയുടെ 'ഇന്ത്യ-ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിയെ എതിര്‍ത്ത് രംഗത്ത് വന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയെ പരസ്യമായി തള്ളിക്കളഞ്ഞ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായമാകില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ബിബിസിയുടെ 'ഇന്ത്യ- ദി മോഡി ക്വസ്റ്റിന്‍' ഡോക്യുമെന്ററി വിവാദം രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബി ബി സിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നാണ് അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു.
ബി ബി സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും വംശഹത്യയുടെ പാപക്കറ ഡോക്യുമെന്ററി നിരോധിച്ചാല്‍ മാറില്ലെന്നും ഷാഫി അഭിപ്രായപ്പെട്ടു. സത്യം ആവര്‍ത്തിക്കപ്പെടുമെന്ന ഭയം മൂലയാണ് സംഘപരിവാര്‍ പ്രദര്‍ശനം തടയാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.