അഹമ്മദാബാദ്- സ്കൂളിലും കോളേജിലുമൊക്കെ അദ്ധ്യാപകരെ നിയമിക്കുന്നത് കഠിനമായ എഴുത്തുപരീക്ഷയയും ഇന്റര്‍വ്യൂവുമൊക്കെ നടത്തിയാണ്. എന്നാലിപ്പോള്‍ ആപ്ലിക്കേഷന്‍ അയക്കണമെങ്കില്പ്പോലും പഠിപ്പിക്കേണ്ട വിഷയം നന്നായി അറിഞ്ഞേ പറ്റൂ എന്ന അവസ്ഥയിലായി. ഗുജറാത്തിലെ ഒരു സ്കൂളാണ് ബുദ്ധിയുള്ള, വിഷയം നന്നായി അറിയാവുന്ന ആള്ക്കാര് മാത്രം ജോലിക്കുവേണ്ടിയുള്ള അപേക്ഷ അയച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. ഉദ്യോഗാര്‍ത്ഥികള്‍ ഒരു ഫോണ്‍നമ്പറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഈ ഫോണ്‍ നമ്പര്‍ കണ്ടുപിടിക്കണമെങ്കില്‍ ഇത്തിരി കടുക്കും. ഒരു സമവാക്യത്തിനുള്ളില്‍ ഫോണ്‍നമ്പര്‍ മറച്ചാണ് നല്‍കിയിരിക്കുന്നത്. സമവാക്യം കൃത്യമായി ചെയ്താല്‍ മാത്രമേ ഫോണ്‍ നമ്പര്‍ ഏതെന്ന് കണ്ടുപിടിക്കാന്‍ കഴിയൂ. വ്യവസായി ഹര്‍ഷ് ഗോയങ്ക ഉള്‍പ്പടെയുള്ള നിവരധി പേര് പരസ്യം തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. അതോടെ അത് വൈറലാവുകയും ചെയ്യും.
കണക്കില്‍ നല്ല ബുദ്ധിയുള്ളവര്‍ക്ക് മാത്രമേ ഫോണ്‍നമ്പര്‍ കണ്ടുപിടിക്കാനും വിളിക്കാനും കഴിയൂ. ഇങ്ങനെ വിളിക്കുന്ന ഒന്നിലധികം പേരുണ്ടെങ്കില്‍ കൂടുതല്‍ പരീക്ഷകള്‍ നടത്തി അവരില്‍ നിന്ന് യോജിച്ചവരെ തിരഞ്ഞെടുക്കും. ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് കണ്ട നിരവധിപേര്‍ സമവാക്യം കൃത്യമായി ചെയ്യുകയും ഫോണ്‍നമ്പര്‍ കണ്ടുപിടക്കുകയും ചെയ്തു. 9428163811 എന്നതാണ് നമ്പര്‍ എന്നാണ് അവരുടെ അവകാശവാദം.രാമാനുജനോ ,ശകുന്തളാദേവിയോ തങ്ങളുടെ അദ്ധ്യാപകരായി വേണം എന്ന ആഗ്രഹമുള്ളവരാണ് സ്കൂളുകാര് എന്നാണ് പരസ്യം കണ്ട ചിലരുടെ കമന്റ്. ഒരു പടികൂടി കടന്നാണ് മറ്റുചിലരുടെ കമന്റ്. ഈ ഗണിതപ്രശ്നത്തിന് ശരിയായി ഉത്തരം കണ്ടെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അദ്ധ്യാപകരുടെ ആവശ്യമില്ലെന്നും അദ്ധ്യാപകരെക്കാള്‍ മികച്ചവരാണെന്നുമാണ് അവര്‍ പറയുന്നത്.