മലപ്പുറം: യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം വലിയ സാമൂഹ്യ പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് മഹല്ല് കമ്മറ്റികള്‍. തിരുന്നാവായ എടക്കുളം മേഖലയിലെ മഹല്ലുകളില്‍ ഇനി മുതല്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിവാഹത്തിനുള്ള ക്ലിയറന്‍സ് ലഭിക്കില്ല. എടക്കുളം മേഖല സംയുക്ത മഹല്ല് ലഹരി നിര്‍മാര്‍ജന സമിതിയുടേതാണ് തീരുമാനം.മേഖലയിലെ വിവിധ മഹല്ലുകള്‍ സമ്പൂര്‍ണ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മഹല്ലുകളുടെ ഭാരവാഹികളുടെ സംയുക്ത യോഗം ചേര്‍ന്ന് കൈകൊണ്ട തീരുമാനം ഓരോ മഹല്ല് കമ്മിറ്റികളും പ്രത്യേകമായി യോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ വിനിമയം നടത്തുകയോ ചെയ്യുന്നവര്‍ക്ക് മഹല്ലുകളില്‍ നിന്ന് ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും അനുവദിക്കില്ല. മഹല്ലിലെ വ്യക്തികളും സംഘടനകളും ഇവര്‍ക്ക് സഹായം നല്‍കുന്നില്ലന്ന് ഉറപ്പുവരുത്തണം. ഇവര്‍ക്ക് വിവാഹത്തിനുള്ള സ്വഭാവ സല്‍ഗുണ സര്‍ട്ടിഫിക്കറ്റും മഹല്ലുകളില്‍ നിന്ന് അനുവദിക്കില്ല. ഈ തീരുമാനം നടപ്പാക്കുന്നതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ വിമുക്തി മിഷനുമായി സഹകരിച്ചുള്ള കൗണ്‍സിലിങ്ങും നടത്തും. മേഖല സംയുക്ത മഹല്ല് നേതൃ സംഗമത്തില്‍ വിവിധ മഹല്ല് കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഇ.പി. മുയ്തീന്‍കുട്ടി മാസ്റ്റര്‍, സി.കെ. അബ്ദുല്‍ കരീം ഹാജി (എടക്കുളം മഹല്ല് ജമാഅത്ത്), വി.കെ. മുഹമ്മദ് എന്ന ബാവ മുസ്‌ലിയാര്‍, സി.പി. കുഞ്ഞുമോന്‍ ഗുരുക്കള്‍, സി.പി. ഹംസക്കുട്ടി ഹാജി, വി. ബീരാവുണ്ണി (എടക്കുളം സുന്നി മഹല്ല്), തൂമ്പില്‍ ഹംസ ഹാജി, സി.പി. നജ്മുദ്ദീന്‍, ടി. അബ്ദുല്‍ സലാം (സലഫി മസ്ജിദ്), സി.പി. മൊയ്തീന്‍ (അമാന മസ്ജിദ് ), മേഖല ലഹരി നിര്‍മാര്‍ജന സമിതി അംഗങ്ങളായ സി.പി. മുഹമ്മദ്, എം.പി.എ. കുഞ്ഞന്‍, വി.കെ. ഹാറൂന്‍ റശീദ്, കാളിയാടന്‍ ഹമീദ്, ഇ.പി. കുഞ്ഞിപ്പ ഹാജി, ചിറക്കല്‍ ഉമ്മര്‍, എന്‍.പി. മുഹമ്മദ് ശരീഫ് എന്നിവര്‍ സംബന്ധിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)