ന്യൂദല്‍ഹി - ദേശീയ ഗുസ്തി ഫെഡറേഷനിലെ മീ ടു ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച സമിതിയെ മുന്‍ ഒളിംപിക് ബോക്‌സിംഗ് മെഡലുകാരി മേരി കോം നയിക്കും. അന്വേഷണം പൂര്‍ത്തിയാകും വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ മന്ത്രാലയം ഫെഡറേഷന് നിര്‍ദേശം നല്‍കിയിരുന്നു. നാലാഴ്ചക്കുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഇതേ കമ്മിറ്റി ചുക്കാന്‍് പിടിക്കും.
അന്വേഷണം പൂര്‍ത്തിയാകും വരെ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബി.ജെ.പി എം.പി കൂടിയായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനോടും നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആ കമ്മിറ്റിയില്‍ ഇന്ത്യന്‍ വെയ്റ്റ്‌ലിംഫ്റ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് സഹദേവ് യാദവ്, അമ്പെയ്ത്ത് താരം ഡോല ബാനര്‍ജി, ഒളിപിംക് ഗുസ്തി താരം യോഗേശ്വര്‍ ദത്ത് എന്നിവരാണ് മറ്റംഗങ്ങള്‍.
അന്വേഷണം ഗുസ്തി ഫെഡറേഷന്‍ സ്വാഗതം ചെയ്തു. അന്വേഷണവുമായി സഹകരിക്കുമെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പ്രസൂദ് വി.എന്‍ പറഞ്ഞു. ബ്രിജ്ഭൂഷണ്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും ഫെഡറേഷന്‍ പിരിച്ചു വിടേണ്ട ആവശ്യമില്ല. ആരോപണമുയര്‍ന്നത് അധ്യക്ഷനെതിരെയാണ്. ഒരു മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നാല്‍ മന്ത്രിസഭ മുഴുവന്‍ പിരിച്ചുവിടാറുണ്ടോ എന്നും സെക്രട്ടറി ചോദിച്ചു.
പരസ്യ പ്രതിഷേധത്തിന് മുന്‍പ് കളിക്കാര്‍ ഫെഡറേഷനോട് പരാതി പറഞ്ഞിരുന്നില്ല. രഹസ്യമായെങ്കിലും പരാതി നല്‍കാമായിരുന്നു. കേരളത്തില്‍ നിന്നും ദേശീയ ക്യാമ്പില്‍ പങ്കെടുത്ത താരങ്ങളോട് പരാതിയെ കുറിച്ച് അന്വേഷിക്കുകയാണ്. തെളിവുകള്‍ സമര്‍പ്പിക്കാതെയുള്ള ആരോപണങ്ങള്‍ ഫെഡറേഷന് മുഖവിലക്കെടുക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. അതേസമയം ആരോപണങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന ബ്രിജ്ഭൂഷണ്‍ സിംഗിന്റെ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ അറിയിച്ചു.