ജമ്മു- കശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അനീതിയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ജമ്മുവിലെ സത്വാരിയിലെത്തിയപ്പോഴാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കാശ്മീരി പണ്ഡിറ്റുകളോട് സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്ന് കശ്മീരില്‍ 22 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ട ശേഷം ടൗണില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.
ലെഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ ചെന്നപ്പോള്‍ ഭിക്ഷ യാചിക്കരുതെന്നാണ് അദ്ദേഹം അവരോട് പറഞ്ഞത്. പണ്ഡിറ്റുകളുടെ പ്രതിനിധി സംഘത്തോട് ഗവര്‍ണര്‍ സ്വീകരിച്ച സമീപനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
എനിക്ക് ലെഫ്റ്റനന്റ് ഗവര്‍ണറോട് പറയാനുള്ളത് അവര്‍ യാചിക്കുകയല്ല, അവകാശങ്ങളാണ് ചോദിക്കുന്നതെന്നാണ്. ഗവര്‍ണര്‍ അവരോട് മാപ്പ് പറയണം. ജമ്മു കശ്മീരിനെ പുറത്തുനിന്നാണ് ഇപ്പോള്‍ ഭരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് ജമ്മുവിലാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പദവിയേക്കാള്‍ വലിയ പ്രശ്‌നമൊന്നുമില്ല, അത് പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പോരാടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ്, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മവാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് പുഷ്പാഞ്ജലി അര്‍പ്പിച്ചു.
തന്റെ യാത്രയോട് സ്‌നേഹം ചൊരിഞ്ഞ ആളുകള്‍ക്ക് നന്ദിയുണ്ടെന്നും നാല് മാസം മുമ്പ് ആരംഭിച്ച ഈ യാത്രയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തുടരുന്ന ദ്രോഹ നയങ്ങളെ കുറിച്ച് കര്‍ഷകര്‍ ഞങ്ങളോട് വിശദീകരിച്ചു. വ്യാപാരികള്‍ ജിഎസ്ടിയെയും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ചും വിശദീകരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)