പാലക്കാട് - ഹർത്താൽ നഷ്ടം ഈടാക്കാനുള്ള ജപ്തി നോട്ടീസ് അക്രമ ഹർത്താലിന് മുമ്പേ കൊല്ലപ്പെട്ട പ്രവർത്തകനും. ഹർത്താലിന്റെ അഞ്ചുമാസം മുമ്പ് കൊല്ലപ്പെട്ട പാലക്കാട് മേലാമുറി എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്.
2022 ഏപ്രിൽ 15-നാണ് സുബൈറിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. എന്നാൽ, പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടന്നതാകട്ടെ 2022 സെപ്തംബർ 23നുമാണ്. ആർ.എസ്.എസ് പ്രവർത്തകരാണ് സുബൈറിന്റെ കൊലക്കേസിൽ പ്രതിപ്പട്ടികയിലുള്ളത്. അതിനിടയ്ക്കാണ് ജീവിച്ചിരിപ്പില്ലാത്ത കാലത്തെ സംഭവം ചൂണ്ടിക്കാട്ടി കൊല ചെയ്യപ്പെട്ട സുബൈറിന്റെ കുടുംബത്തിന് ഇരട്ട പ്രഹരമായി ജപ്തി നോട്ടീസ് എത്തിയത്. 5.2 കോടി കുടശ്ശിക അടക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നു കാണിച്ച് പിഴയടച്ചില്ലെങ്കിൽ സുബൈറിന്റെ മുഴുവൻ സ്വത്തുക്കളും ജപ്തി ചെയ്യുമെന്നാണ് വീട്ടിലൊട്ടിച്ച ജപ്തി നോട്ടീസിലുള്ളത്.
പിതാവിനൊപ്പം ജുമുഅ നമസ്‌കാരം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകവേ 2022 ഏപ്രിൽ 15ന് രണ്ടുകാറുകളിലായി എത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
പാഴ്‌വസ്തുക്കളിൽ എ.ടി.എം കാർഡും പിൻ നമ്പറും; പ്രവാസി മലയാളിയ്ക്ക് നഷ്ടമായത് 6.31 ലക്ഷം രൂപ, പ്രതി പിടിയിൽ
ആലപ്പുഴ / ചെങ്ങന്നൂർ/ ചെന്നൈ - ആക്രി സാധനങ്ങൾക്കൊപ്പം അബദ്ധത്തിൽ പെട്ടുപോയ എ.ടി.എം കാർഡും പിൻ നമ്പറും ഉപയോഗിച്ച് തമിഴ്‌നാട് സ്വദേശി പ്രവാസി മലയാളിയുടെ ആറ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ആലപ്പുഴ പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിക്കാണ് 6.31 ലക്ഷം രൂപ നഷ്ടമായത്. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാലമുരുക(43)നാണ് പണം തട്ടിയതെന്ന് കേസ് അന്വേഷിച്ച് ചെങ്ങന്നൂർ പോലീസ് പറഞ്ഞു.
എ.ടി.എം കാർഡിൽതന്നെ പിൻ നമ്പറും എഴുതി വെച്ചതാണ് ബാലമുരുകന് പണം പിൻവലിക്കാൻ സഹായകമായത്. പ്രവാസിയായ ഷാജിക്ക് 2018-ൽ എ.ടി.എം കാർഡ് ലഭിച്ചച്ചെങ്കിലും നാട്ടിലില്ലാത്തതിൽ എ.ടി.എം കാർഡ് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. 2018-ലെ പ്രളയത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറി. തുടർന്ന് 2022 ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങളെല്ലാം ആക്രിക്കാർക്ക് വിൽക്കുകയായിരുന്നു. അതിനിടയ്ക്കാണ് എ.ടി.എം കാർഡും സ്വകാര്യ പിൻനമ്പറും ആക്രിസാധനങ്ങൾക്കൊപ്പം പെട്ടത്. ഷാജി പിന്നീട് ഒക്ടോബർ 25ന് ചെങ്ങന്നൂരിലെ എസ്.ബി.ഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം ഇല്ലെന്ന് പറഞ്ഞ് ബാങ്ക് ചെക്ക് മടക്കി. അക്കൗണ്ടിലിട്ട ക്യാഷ് താൻ ഇതുവരെയും പിൻവലിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും 15 ദിവസത്തിനിടെ 61 തവണയായി വിവിധ എ.ടി.എം സെന്ററുകൾ മുഖേന 6.31 ലക്ഷം രൂപ പിൻവലിച്ചതായി ബാങ്ക് ജീവനക്കാർ അക്കൗണ്ട് ഉടമയെ അറിയിച്ചു. താൻ 25 വർഷമായി പ്രവാസിയാണെന്നും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ അബൂദബിയിൽ ആയതിനാൽ മെസേജ് കണ്ടില്ലെന്നും ഷാജി പറഞ്ഞു.
തുടർന്ന് ഷാജി പോലീസിൽ പരാതി നല്കുകയായിരുന്നു. അന്വേഷണത്തിൽ 2022 ഒക്ടോബർ 7നും 22നും ഇടയിൽ ഷാജിയുടെ അക്കൗണ്ടിൽ നിന്നും എ.ടി.എം മുഖേന പണം പിൻവലിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, ഇടമണ്ണ്, പുനലൂർ, കറ്റാനം, തമിഴ്‌നാട്ടിലെ മധുര, നാമക്കൽ, സേലം എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചതെന്നും മനസ്സിലായി. തുടർന്ന് ഈ എ.ടി.എം കേന്ദ്രങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. എല്ലാ ദൃശ്യങ്ങളിലും ഒരു ലോറി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തെങ്കാശി സ്വദേശിയായ ബാലമുരുകനിലേക്ക് കാര്യങ്ങളെത്തിയത്. ഇയാളെ പിടികൂടി ചോദ്യംചെയ്ത് വരികയാണെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ആറുലക്ഷം രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു. ആക്രിസാധനങ്ങൾ കൊണ്ടുപോകാനെത്തിയപ്പോൾ അതിൽ കണ്ട എ.ടി.എം കാർഡ് എടുത്തതാണെന്നാണ് ബാലമുരുകൻ പറഞ്ഞത്.