മാഹി- മയ്യഴിയോട് ചേർന്നുള്ള കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നിപ്പാ ബാധിച്ച സാഹചര്യത്തിൽ മാഹിയെ നിപ്പാ വൈറസ് ഭീഷണി പ്രദേശമായി അഡ്മിനിസ്‌ട്രേറ്റർ എസ്.മാണിക്ക ദീപൻ പ്രഖ്യാപിച്ചു. ബന്ധപ്പെട്ടവരുടെ അടിയന്തര അവലോകന യോഗം ഗവ. ഹൗസിൽ വിളിച്ചു ചേർത്തു. ബോധവൽക്കരണമടക്കം ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. പ്രേം കുമാറിനെ കൺട്രോളിംഗ് ഓഫീസറായി ചുമതലപ്പെടുത്തി. വാർഡുകൾ തോറും ബോധവൽക്കരണ ക്ലാസുകൾ നടത്തും. വവ്വാലുകളുടെ കടിയേറ്റതോ പൊട്ടലും പോറലുകളും ഉള്ളതോ ആയ പഴങ്ങൾ ഭക്ഷിക്കാതിരിക്കണമെന്നും കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂയെന്നും മാഹി ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.
വാർഡ് തലത്തിൽ ശുചീകരണവും ബോധവത്കരണവുമുൾപ്പെടെ ഇന്നലെ മുതൽ ആരംഭിച്ചു. പനി ബാധിച്ച് വരുന്നവർക്ക് മാഹി ജനറലാശുപത്രിയിൽ പ്രത്യേക വാർഡിൽ ചികിത്സയും നിരീക്ഷണവും ഏർപ്പെടുത്തി. പേരാമ്പ്രയിലും നാദാപുരവുമുൾപ്പെടെ നിപാ ബാധിച്ച് മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടതോടെ സമീപ പ്രദേശം എന്ന നിലയിൽ കനത്ത ജാഗ്രതാ നിർദേശമാണ് പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ നൽകിയിട്ടുള്ളത.് അയൽ ജില്ലകളിൽ നിന്ന് പനി ബാധിച്ച് വരുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്.
നിപ്പാ വൈറസ് ഭീഷണി മൂലം പഴവർഗങ്ങളുടെ വിൽപന കുത്തനെ ഇടിഞ്ഞതായി വ്യാപാരികൾ പറഞ്ഞു. ആരോഗ്യ വകുപ്പും ഇടക്കിടെ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയാണ്. ഏത്തപ്പഴം, മുന്തിരി, ഈത്തപ്പഴം, സപ്പോട്ട, കൈതച്ചക്ക തുടങ്ങിയവയാണ് വിപണിയിൽ നിപ്പാ മൂലം ഏറെ തിരിച്ചടി നേരിട്ട പഴ വർഗങ്ങൾ.