ജിദ്ദ- സി.പി.എം-ബി.ജെ.പി രഹസ്യ ബാന്ധവത്തിന്റെ ഏജന്റാണ് അദാനിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീർ. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനെ പിണറായി സർക്കാർ അറസ്റ്റ് ചെയ്യുമെന്നും ഇതുവഴി ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു പോലെ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ നടന്നു വരുന്നതെന്നും മലയാളം ന്യൂസുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ അദാനി സ്വാധീനം ഉറപ്പിച്ചു വരികയാണ്. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഇപ്പോൾ അദാനിയുടെ കൈകളിലാണ്. 50 വർഷത്തേക്കാണ് കരാർ. കേന്ദ്രത്തിലെന്ന പോലെ കേരള രാഷ്ട്രീയത്തിലും ഭരണത്തിലും അദാനിയുടെ ഇടപെടൽ ശക്തമാവുകയാണ്. അതിന്റെ ആദ്യ ടെസ്റ്റായിരുന്നു വിഴിഞ്ഞത്ത് സമരം നടത്തിയ തദ്ദേശീയർക്കെതിരായി സി.പി.എം-ബി.ജെ.പി കൈകോർക്കൽ. അതു വിജയിച്ചു.
അദാനിയുമായി സി.പി.എം ഉണ്ടാക്കിയ രഹസ്യ ധാരണയുടെ തെളിവായിരുന്നു ഇത്. ഈ ബന്ധം വരുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ച വർക്കല മണ്ഡലം ഉൾപ്പെടെ 68 സീറ്റുകളിൽ സി.പി.എമ്മിന് ബി.ജെ.പി സഹായം ലഭിച്ചു. അമിത് ഷായുടെ നിർദേശ പ്രകാരമായിരുന്നു ഇത്. കാരണം കോൺഗ്രസിനെ ഭരണത്തിൽനിന്ന് അകറ്റി നിറുത്തുകയെന്ന ലക്ഷ്യം. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശൂരിലും സി.പി.എം ബി.ജെ.പിയെ സഹായിക്കും. മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പി സി.പി.എമ്മിനെയും സഹായിക്കും. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങൾ സി.പി.ഐ ആണ് മത്സരിക്കുന്നത്. അതിനാൽ സി.പി.എമ്മിനെ നേരിട്ട് ബാധിക്കുകയുമില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടാൻ പോകുന്ന ഒരു പ്രതിസന്ധിയിതാണ്. ഇതു പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കുഴൽപണ കേസിൽനിന്ന് രക്ഷിച്ചത് ബി.ജെ.പി രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തുള്ള നാടകം പിണറായി സർക്കാർ കളിക്കും. ഇതുവഴി കെ. സുരേന്ദ്രന് വ്യക്തിപരമായും പാർട്ടിതലത്തിൽ ബി.ജെ.പിക്കും നേട്ടമുണ്ടാകും. കോൺഗ്രസിനു ലഭിക്കേണ്ട മുന്നോക്ക വോട്ടുകൾ ബി.ജെ.പിക്കു വാങ്ങിക്കൊടുക്കുന്നതിനും അതോടൊപ്പം സുരേന്ദ്രനെ അറസ്റ്റ് ചെയ്തുവെന്ന് വരുത്തിത്തീർത്ത് ന്യൂനപക്ഷങ്ങളുടെ പ്രീതി പിടിച്ചു വാങ്ങാനും സാധിക്കും. ഇതു സി.പി.എമ്മിന് നേട്ടം ഉണ്ടാക്കുന്നതോടൊപ്പം ലാവ്‌ലിൻ കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് പിണറായിയെ സഹായിക്കുകകയും ചെയ്യും.
കേരളം കണ്ട മുഖ്യമന്ത്രിമാരിൽ ആർ.എസ്.എസ് അനുകൂല നിലപാട് എടുക്കുകയും അവരുടെ താൽപര്യങ്ങൾ നടപ്പാക്കിക്കൊടുക്കുകയും ചെയ്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷഫീർ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രി പിണറായി ആണെന്നും ഷഫീർ കൂട്ടിച്ചേർത്തു.
ബി.ജെ.പി-സി.പി.എം രഹസ്യ ധാരണ എന്തൊക്കെ തന്നെയായിരുന്നാലും കഴിഞ്ഞ തവണ തങ്ങളുടെ കൈപ്പിഴ കൊണ്ട് നഷ്ടപ്പെട്ടുപോയ ആലപ്പുഴ അടക്കമുള്ള സീറ്റുകൾ പിടിച്ചെടുക്കും. നാലഞ്ചു സീറ്റുകളിൽ കടുത്ത മത്സരം ഉണ്ടാകുമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അതിനുള്ള പോംവഴികൾ കണ്ടെത്തി വരികയുമാണ്. മുസ്്‌ലിം ലീഗുമായി 44 വർഷത്തെ ബന്ധമാണുള്ളത്. അതിൽ ഒരു ഉലച്ചിലും ഉണ്ടാവാൻ പോകുന്നില്ല. ശക്തമായി തന്നെ തുടരും. വളറെ കുറഞ്ഞ കാലം മാത്രമാണ് ലീഗ് യു.ഡി.എഫിൽനിന്ന് അകന്നു നിന്നിട്ടുള്ളത്. അന്ന് ഭിന്നിപ്പ് ഉൾപ്പെടെ ലീഗിനു ക്ഷീണം ഉണ്ടായിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ഷഫീർ പറഞ്ഞു.
നാട് ആവശ്യപ്പെടുമ്പോഴാണ് നേതാക്കൾ ഉയർന്നു വരുന്നത്. ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും നയതന്ത്രജ്ഞനുമാണ് ശശി തരൂർ. കോൺഗ്രസിനെന്നല്ല, ലോകത്തിനു തന്നെ ഉത്തമ മാതൃകയായ നേതാവ്. തരൂരിന് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വാധീനമുണ്ട്. വിദ്യാസമ്പന്നർക്കും തൊഴിൽ രഹിതർക്കും ഉദ്യോഗാർഥികൾക്കും, ഐ.ടി-ടെക് മേഖലകളിലുള്ളവർക്കും എന്നു വേണ്ട എല്ലാ വിഭാഗം ജനങ്ങളിലും ശശി തരൂരിന് ബേസ് ഉണ്ട്. ഇതിനെല്ലാമുപരി അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ. അങ്ങനെയാണ് ശശി തരൂർ വരണമെന്ന വാദം ഉയർന്നുവന്നത്. അതു വിലയിരുത്തുന്നതിൽ പ്രതിപക്ഷ നേതാവിന് ആദ്യം പരാജയം സംഭവിച്ചുവെങ്കിലും പിന്നീട് അതു കൃത്യമായി അഡ്രസ് ചെയ്യുന്നതിൽ പാർട്ടി വിജയിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. ശശി തരൂർ എന്ന ഉന്നത നേതാവിന്റെ ഐകൺ പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അത് പാർട്ടി ഇടതു മുന്നണിക്കെതിരായി ഉപയോഗിക്കുമെന്ന് ഷഫീർ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനു കളമൊരുക്കും. പരമാവധി സീറ്റുകളിൽ വിജയിച്ച് മറ്റു പ്രതിക്ഷ കക്ഷികളുടെ സഹകരണത്തോടെ വരുന്ന തെരഞ്ഞെടുപ്പോടു കൂടി ഭരണത്തിലേറാൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി സർക്കാരിനെ താഴെയിറക്കിയില്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാവുമെന്ന ബോധ്യം എല്ലാവരിലും ഉണ്ടായിട്ടുണ്ടെന്നും അതു കോൺഗ്രസിനു ഗുണകരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം ന്യൂസ് ഓഫീസ് സന്ദർശിച്ച അദ്ദേഹത്തോടൊപ്പം ഒ.ഐ.സി.സി നേതാക്കളായ കെ.ടി.എ. മുനീർ, ശ്രീജിത്ത്, അസ്ഹാബ് വർക്കല, ഷമീർ നദ്‌വി, അബൂബക്കർ ദാദാബായ് എന്നിവരും ഉണ്ടായിരുന്നു.