കൊല്ലം- ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം എ.എ. അസീസ് ഒഴിയുമെങ്കില്‍ പകരമാര്? സെക്രട്ടറി സ്ഥാനത്തേക്ക് ഷിബുബേബി ജോണിനേയൊ എന്‍.കെ പ്രേമചന്ദ്രനേയൊ പരിഗണിക്കാനാണു സാധ്യതയെങ്കിലും പ്രേമചന്ദ്രന് വേണ്ടി ഒരു വിഭാഗം നീക്കം തുടങ്ങി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ ധാരണ പ്രകാരമാണ് അസീസ് സ്ഥാനം ഒഴിയാന്‍ തയാറാവുന്നത്.
ഷിബു ബേബിജോണ്‍ ഇപ്പോള്‍ രാഷ്ട്രീയരംഗത്ത് അത്ര സജീവമല്ല. സിനിമാ നിര്‍മാണ രംഗത്താണ് അദ്ദേഹത്തിന്റെ ശ്രദ്ധ. അതിനാലാണ് പ്രേമചന്ദ്രനിലേക്ക് പാര്‍ട്ടി കണ്ണുവെക്കുന്നത്.
ഷിബു ബേബിജോണ്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയാകണമെന്നു കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും അതിനു മുന്നോടിയായി നടന്ന ജില്ലാ-മണ്ഡലം സമ്മേളനങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഒരുതവണകൂടി സെക്രട്ടറിയായി തുടരാന്‍ മുതിര്‍ന്ന നേതാവായ എ.എ. അസീസ് താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹം വീണ്ടും തുടരാന്‍ തീരുമാനിച്ചത്. ദേശീയ സമ്മേളനത്തിനു ശേഷം ഷിബു ബേബിജോണിനെ സംസ്ഥാന സെക്രട്ടറി പദത്തിലേക്കു കൊണ്ടുവരാമെന്ന് ഉറപ്പു നല്‍കിയിരുന്നു.
ഫെബ്രുവരിയില്‍ നടക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലെ നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ച നടക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നേതൃമാറ്റം മതിയെന്ന നിലപാടും ഒരു വിഭാഗം ആര്‍.എസ്.പി. നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. എന്‍.കെ. പ്രേമചന്ദ്രനെ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരാനാണ് ഇവരുടെ നീക്കം. നേതൃമാറ്റം സംബന്ധിച്ചു പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)