ഹൈദരാബാദ്-പാര്‍ക്കിംഗ് സ്ഥലത്ത് ഇലക്ട്രിക് കാറിന് തീപിടിച്ച് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഹൈദരാബാദ് നുമൈഷ് എക്‌സിബിഷന്‍ പാര്‍ക്കിംഗ് സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ച് അടുത്തായി നിര്‍ത്തിയിട്ട അഞ്ച് കാറുകള്‍ക്ക് തീപിടിച്ചു. ഇന്നലെയാണ് അപകടമുണ്ടായത്. ഹൈദരാബാദിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ആബിഡ്‌സിലാണ് സംഭവം. ഇലക്ട്രിക് വാഹനത്തില്‍ നിന്നാണ് തീ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വയം കത്തിയ ഇലക്ട്രിക് വാഹനം ഏത് കമ്പനി നിര്‍മ്മിച്ചതാണെന്നോ, മോഡല്‍ ഏതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നുമൈഷ് പാര്‍ക്കിംഗ് ലോട്ടിലെ ഇലക്ട്രിക് കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് മൂന്ന് കാറുകള്‍ കത്തിനശിക്കുകയും മൂന്ന് കാറുകള്‍ ഭാഗികമായി കത്തിനശിക്കുകയും ചെയ്തു.- അബിഡ്‌സ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബി പ്രസാദ റാവു പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിത്തം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഇ സ്‌കൂട്ടറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് മരണവും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സ്‌കൂട്ടര്‍ കത്തുന്നതിലും വലിയ അപകട വ്യാപ്തിയാണ് ഇലക്ട്രിക് കാറുകളിലെ തീപിടിത്തങ്ങള്‍ ഉണ്ടാക്കുന്നത്.