ന്യൂയോർക്ക്- യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡി.ഒ.ജെ) അന്വേഷകർ പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയറിലെ വീട്ടിൽ 13 മണിക്കൂർ നടത്തിയ പരിശോധനയിൽ ആറ് രഹസ്യ രേഖകൾ കൂടി കണ്ടെത്തിയതായി ബിഡന്റെ അഭിഭാഷകൻ പറഞ്ഞു. വെള്ളിയാഴ്ച വിൽമിംഗ്ടൺ പ്രോപ്പർട്ടിയിൽനിന്ന് പിടിച്ചെടുത്ത ചില രേഖകൾക്ക് പുറമെയാണിത്. ബൈഡൻ സെനറ്ററായിരുന്ന കാലത്തെയും മറ്റുള്ളവ ബരാക് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിലെയും രേഖകളാണ്. വ്യക്തിപരമായി കൈകൊണ്ട് എഴുതിയ കുറിപ്പുകളും മറ്റു ചില സാമഗ്രികളും എടുത്തതായി അഭിഭാഷകൻ ബോബ് ബോവർ പറഞ്ഞു. പരിശോധന നടക്കുമ്പോൾ ബൈഡനും ഭാര്യയും അവിടെ ഉണ്ടായിരുന്നില്ല.
വൈസ് പ്രസിഡൻഷ്യൽ റെക്കോർഡുകൾക്കും സാധ്യതയുള്ള ക്ലാസിഫൈഡ് മെറ്റീരിയലുകൾക്കുമായി മുഴുവൻ പരിസരവും തിരയാൻ ഡി.ഒ.ജെയെ പ്രസിഡന്റ് അനുവദിച്ചിരുന്നു. രഹസ്യ ഫയലുകൾ തെറ്റായി കൈകാര്യം ചെയ്തെന്ന കുറ്റത്തിന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്രിമിനൽ അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടൺ ഡി.സിയിൽ പ്രസിഡന്റ് സ്ഥാപിച്ച തിങ്ക്-ടാങ്കായ പെൻ ബൈഡൻ സെന്ററിൽ നിന്ന് നവംബർ 2 ന് രഹസ്യ രേഖകളുടെ ആദ്യ ബാച്ച് കണ്ടെത്തിയതായി ഈ മാസം ആദ്യം ബൈഡന്റ് അഭിഭാഷകർ പറഞ്ഞിരുന്നു. ഡിസംബർ 20 ന് രണ്ടാമത്തെ ബാച്ച് രേഖകൾ അദ്ദേഹത്തിന്റെ വിൽമിംഗ്ടണിലെ ഗാരേജിൽ നിന്ന് കണ്ടെത്തി, ജനുവരി 12 ന് വീട്ടിലെ സ്റ്റോർ റൂമിൽനിന്ന് മറ്റൊരു രേഖ കണ്ടെത്തിയതായി അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു. രേഖകൾ കണ്ടെത്തിയ ശേഷം, തന്റെ സംഘം ഉടൻ തന്നെ അവ നാഷണൽ ആർക്കൈവ്‌സിനും നീതിന്യായ വകുപ്പിനും കൈമാറിയതായി പ്രസിഡന്റ് പറഞ്ഞു. എന്തുകൊണ്ടാണ് ബൈഡൻ അവ സൂക്ഷിച്ചതെന്ന് വ്യക്തമല്ല. പ്രസിഡൻഷ്യൽ റെക്കോർഡ്‌സ് ആക്ട് പ്രകാരം, വൈറ്റ് ഹൗസ് രേഖകൾ ഒരു ഭരണം അവസാനിച്ചുകഴിഞ്ഞാൽ നാഷണൽ ആർക്കൈവ്‌സിലേക്ക് കൈമാറണം. അവിടെയാണ് ഇത്തരം രേഖകൾ സൂക്ഷിക്കേണ്ടത്. 2024ൽ രണ്ടാം തവണയും മത്സരിക്കാനൊരുങ്ങുന്ന ബൈഡന് കനത്ത തിരിച്ചടിയാണ് രേഖകളുടെ സൂക്ഷിക്കലും വിവാദങ്ങളും. ബൈഡനും ഭാര്യ ജിലും ഡെലാവെയറിലെ തീരദേശ പട്ടണമായ റെഹോബോത്ത് ബീച്ചിൽ വാരാന്ത്യ അവധിയിലാണ്.