പത്തനംതിട്ട- മദ്യപിച്ച് അഗ്‌നിരക്ഷാസേനയുടെ വാഹനമോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു പോലീസിനു കൈമാറി. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കടപ്പാക്കട ഫയര്‍സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു ഫയര്‍എന്‍ജിന്‍. ഇത് ഓടിച്ചിരുന്ന നിലമ്പൂര്‍ ഫയര്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ ശൂരനാട് വടക്ക് അജയഭവനില്‍ സി. വിജയകുമാറിനെയാണ് മണക്കാല എന്‍ജിനീയറിങ് കോളജിനു സമീപത്തായി നാട്ടുകാര്‍ തടഞ്ഞു വച്ച് പോലീസിനു കൈമാറിയത്.
നിലയ്ക്കലില്‍നിന്ന് ഫയര്‍ എന്‍ജിന്‍ കടപ്പാക്കട സ്‌റ്റേഷനിലേക്ക് നല്‍കാനായി പോകുന്നതിനിടയില്‍ പത്തനംതിട്ടക്കും അടൂരിനും ഇടയില്‍ ഡ്രൈവര്‍ മദ്യപിച്ചതായിട്ടാണ് വിവരം. ഫയര്‍ എന്‍ജിന്‍ മണക്കാല ഭാഗത്ത് എത്തിയപ്പോള്‍ ഒരു ബൈക്ക് യാത്രികനെ ഇടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മുമ്പോട്ട് പോയ വാഹനം ഒരു സ്വകാര്യ ബസിനു സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട് റോഡിനു കുറുകെയായി. പിന്നീട് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സംസാരിക്കാന്‍പോലും പറ്റാത്ത വിധത്തില്‍ കുഴച്ചിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫയര്‍എന്‍ജിന്‍ റോഡിനു കുറുകെ കിടന്നതിനാല്‍ അര മണിക്കൂറോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പിന്നീട് പോലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. അടൂര്‍ അഗ്‌നിരക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തി വാഹനം സ്‌റ്റേഷനില്‍ എത്തിച്ചു. ഡ്രൈവറെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുകയും മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.