ന്യൂദല്‍ഹി- ഇന്ധന വില വര്‍ധനയടക്കം പൊതുജനം ദുരിതമനുഭവിക്കുമ്പോള്‍ ക്രിക്കറ്റ് താരം വിരാട് ട്വിറ്ററില്‍ ഉയര്‍ത്തിയ വ്യായാമ വെല്ലുവിളി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അതേനാണയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. ഇന്ധന വില കുറച്ചില്ലെങ്കില് കോണ്‍ഗ്രസിന്റെ ദേശവ്യാപക പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയത്.
'കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് മോഡി സ്വീകരിച്ചതില്‍ സന്തോഷം. എന്റെ വക ഇതാ മറ്റൊരു ചാലഞ്ച്. ഇന്ധന വില കുറക്കുക അല്ലെങ്കില്‍ കേണ്‍ഗ്രസ് ദേശവ്യാപക സമരം നടത്തും. താങ്കളുടെ മറുപടിക്കായി കാത്തരിക്കുന്നു,' #FuelChallenge എന്ന ഹാഷ് ടാഗില്‍ രാഹുല്‍ മോഡിയെ വെല്ലുവിളിച്ചു.
തുടര്‍ച്ചയായ 11-ാം ദിവസവും ഇന്ധന വില കുത്തനെ ഉയര്‍ന്നതോടെയാണ് രാഹുലിന്റെ മുന്നറിയിപ്പ്. മംബൈയില്‍ പെട്രോള്‍ ലീറ്ററിന് 85 രൂപ കടന്നു. മുംബൈക്കു പുറമെ ചെന്നൈ, ദല്‍ഹി എന്നീ നഗരങ്ങളിലും രാജ്യത്ത് മറ്റിടത്തും ഇന്ധന വില ഒരോ ദിവസവും എക്കാലത്തേയും റെക്കോര്‍ഡ് വില ഭേദിച്ചു കൊണ്ടിരിക്കുകയാണ്. വില ഉയരുമ്പോഴും കുറക്കാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല പരിഹാരങ്ങള്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.