Sorry, you need to enable JavaScript to visit this website.

കെ.വി. തോമസിന്റെ നിയമനവും ജസീന്തയുടെ നിലപാടും

അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്നു പറഞ്ഞത് ബർട്രന്റ് റസ്സലാണ്.  ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളവും അത് ശരിയാണ്. ജനാധിപത്യ സംവിധാനത്തോടെയാണെങ്കിലും ഭരണത്തുടർച്ച ഈ ജീർണതയെ കൂടുതൽ രൂക്ഷമാക്കും. അതിനാൽ തന്നെ അനന്തമായി തുടരുന്ന അധികാര തുടർച്ചയെ തടയാനുള്ള സംവിധാനം അനിവാര്യമാണ്. അതാകട്ടെ, ഈ വ്യവസ്ഥക്കുള്ളിൽ തന്നെ അന്തർലീനമാകുകയും വേണം. അത്തരത്തിലുള്ള ശ്രമങ്ങൾ കാര്യമായി ഉണ്ടാകുന്നില്ല എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളി. 


മുൻ കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയും വയോധികനുമായ കെ.വി. തോമസിനെ ദൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണല്ലോ കഴിഞ്ഞ ദിവസത്തെ പ്രധാന വാർത്ത. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കെ.വി. തോമസ് ഒരിക്കലും വഴിയാധാരമാകില്ല എന്ന കോടിയേരിയുടെ വാക്കുകളാണ് ഈ വാർത്തക്കൊപ്പം ദേശാഭിമാനി ഓർമിപ്പിക്കുന്നത്.
ഇതേ സമയത്തു തന്നെയാണ്  ന്യൂസിലൻഡ് പ്രധാനമന്ത്രി 42 കാരിയായ ജസീന്ത ആർഡേൺ തന്റെ രാജി പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന  ലിസ് ട്രസ് രാജിവെച്ചിട്ടും അധിക കാലമായിട്ടില്ല. ന്യൂസിലന്റ്, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ജനാധിപത്യം എത്രമാത്രം ശൈശവാവസ്ഥയിലാണെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ഏറെക്കുറെ തന്റെ സുദീർഘമായ ജീവിത കാലം മുഴുവൻ അധികാരത്തിന്റെ രുചി നുകർന്ന നേതാവാണ് തോമസ്. എന്നിട്ടും ഈ വാർധക്യത്തിൽ  ഉന്നത സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പതിറ്റാണ്ടുകൾ ആർക്കെതിരെ പോരാടിയോ അവർക്കൊപ്പം പോകുകയാണ് ഇദ്ദേഹം ചെയ്തത്. രാഷ്ട്രീയ നൈതികതയുടെ ഒരംശമെങ്കിലും ഉള്ളവർ ചെയ്യാത്ത പ്രവൃത്തി. സി.പി.എം ചെയ്തതോ? അധികാരമില്ലാതെ ജീവിക്കാനാകില്ല എന്ന ഒറ്റക്കാരണത്താൽ ജീവിതം മുഴുവൻ പ്രവർത്തിച്ച പാർട്ടി വിട്ടുവന്ന തോമസിനു ചുവന്ന പരവതാനി വിരിച്ചുകൊടുക്കുകയായിരുന്നു അവർ. പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തത് കൃത്രിമമായി സൃഷ്ടിച്ച ഒരു നിമിത്തം മാത്രമായിരുന്നു. തിരുത മീൻ സോണിയക്കു നൽകിയാണ് ഇദ്ദേഹം അധികാര സ്ഥാനങ്ങൾ കൈയടിക്കിയിരുന്നതെന്ന വംശീയ ചുവയുള്ള ആരോപണമായിരുന്നു സി.പി.എം എന്നും തോമസിനെതിരെ ഉന്നയിച്ചിരുന്നത് എന്നതും മറക്കാറായിട്ടില്ല. 

നേരത്തെ തെരഞ്ഞെടുപ്പിൽ തോറ്റ നേതാവ് സമ്പത്തിനെ  കുടിയിരുത്തിയതും ഇത്തരമൊരു, അനിവാര്യമല്ലാത്ത പോസ്റ്റിലായിരുന്നല്ലോ. കേന്ദ്രത്തോട് പോരാടിയും വിലപേശിയും അവകാശങ്ങൾ നേടിയെടുക്കണം എന്നതിൽ സംശയമില്ല. എംപിമാരുടെ സഹായത്തോടെയാണ് സർക്കാരത് ചെയ്യേണ്ടത്. അല്ലാതെ ലക്ഷങ്ങൾ ചെലവഴിച്ച് ഒരു പോസ്റ്റ് സൃഷ്ടിച്ചല്ല. സമ്പത്ത് ഈ പദവിയിലിരുന്ന് എന്താണ് നേടിയെടുത്തത് എന്നതിനുള്ള മറുപടി ഇന്നോളം ഒരാളും പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല, ഏറ്റവും അനിവാര്യമായിരുന്ന കോവിഡ് കാലത്ത് അദ്ദേഹം കേരളത്തിലായിരുന്നു. ഇപ്പോഴാകട്ടെ, ഈ ലക്ഷ്യത്തോടെ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ദൽഹിയിലുണ്ടുതാനും. എന്നിട്ടും വാർധക്യത്തിൽ അധികാരത്തിനായി കാലുമാറി വന്ന ഒരാൾക്കാണ് വൻതുക പൊതുഖജനാവിൽ നിന്ന് ചെലവാക്കുന്നത്. ജനങ്ങൾക്കിടിയൽ ഇദ്ദേഹത്തിന് എത്ര സ്വാധീനമുണ്ടെന്ന് തൃക്കാക്കര തെരഞ്ഞെടുപ്പിൽ എല്ലാവരും കണ്ടതാണ്. പാർട്ടിക്കു വേണ്ടപ്പെട്ടവർക്ക് അന്യായമായി തൊഴിലും വൻ വേതനവും നൽകുന്ന രീതി സമീപകാലത്ത് രൂക്ഷമായിരിക്കുകയാണല്ലോ. അതിന്റെ ഭാഗമായി തന്നെ വേണം, ഈ സംഭവത്തെയും കാണാൻ. അധികാര മോഹം ജനാധിപത്യത്തെ തകർക്കുന്നതിനു മികച്ച ഉദാഹരണമാണ് ഈ സംഭവം. 

ഇവിടെയാണ് ന്യൂസിലാൻഡിലെയും ബ്രിട്ടനിലെയും മുകളിൽ സൂചിപ്പിച്ച സംഭവങ്ങൾ പ്രസക്തമാകുന്നത്.  അഞ്ചര വർഷം പദവിയിൽ തുടർന്ന ശേഷമാണ് ജസീന്ത ആർഡേണിന്റെ പടിയിറക്കം. ലോകത്ത് തീവ്രവലതുപക്ഷം ശക്തി പ്രാപിക്കുന്ന ഘട്ടത്തിൽ മധ്യ ഇടതുപക്ഷത്തു നിന്ന് ശക്തമായ നടപടികൾ സ്വീകരിച്ച് ലോകശ്രദ്ധ നേടിയ നേതാവാണവർ. കൃത്യമായ പ്രതിരോധം തീർത്ത് 18 മാസക്കാലം കോവിഡ് മഹാമാരിയെ രാജ്യത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ജസീന്തക്കായി. 2019 മാർച്ചിൽ വെളുത്ത വംശജനായ അക്രമി ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മോസ്‌കുകളിലായി 51 പേരെ വെടിവെച്ചു കൊന്നതിനെ തുടർന്ന് അവർ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. ന്യൂയോർക്കിൽ ചേർന്ന യുഎൻ പൊതുസഭ യോഗത്തിൽ കൈക്കുഞ്ഞുമായി എത്തിയതും വാർത്തയായിരുന്നു. രാജിക്ക് കൃത്യമായ കാരണമൊന്നും അവർ പറഞ്ഞില്ല. മറിച്ച്  പ്രധാനമന്ത്രിപദം വെല്ലുവിളി നിറഞ്ഞതാണെന്നും അതിനോട് ഇനി നീതി പുലർത്താനാകില്ലെന്നും മാത്രമാണ് വിശദീകരണം. എപ്പോൾ നയിക്കണമെന്ന് അറിയണമെന്ന പോലെ എപ്പോൾ പിന്മാറണമെന്നതും ഉത്തരവാദിത്തമാണ് എന്നും അവർ പറഞ്ഞു. പങ്കാളിയായ ക്ലർക്ക് ഗേഫോർഡുമായി വിവാഹിതയാകുമെന്നും കുടുംബ ജീവിതം നയിക്കുമെന്നും അവർ സൂചിപ്പിച്ചു. ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ് എന്നുമവർ കൂട്ടിച്ചേർത്തിരുന്നു. 

കഴിഞ്ഞ വർഷത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയും ശ്രദ്ധേയമാണ്. അധികാരമേറ്റ് 45 ാം ദിവസമായിരുന്നു രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ജനാഭിലാഷത്തിനൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്നു പറഞ്ഞാണ് അവർ രാജിവെച്ചത്. പ്രഖ്യാപിത നയങ്ങളിൽ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചതായി ആരോപിച്ച് മന്ത്രിസഭയുടെ രാജിക്കായി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് പദവിയിൽ നിന്ന് ഒഴിവാകാൻ അവർ നിശ്ചയിച്ചത്. എന്തായാലും ഇത്തരത്തിൽ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞ് സ്ഥാനമൊഴിയാൻ ഏതു നേതാവ് കേരളത്തിലും ഇന്ത്യയിലും തയാറാകും?

ജനാധിപത്യമെന്ന സാമൂഹ്യ - രാഷ്ട്രീയ സംവിധാനത്തെ മറ്റു സംവിധാനങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതു തന്നെ അതിൽ അന്തർലീനമായിരിക്കുന്ന മാറ്റമാണ്. മിക്ക ജനാധിപത്യ രാഷ്ട്രങ്ങളിലും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പദവിയിൽ തുടരാനുള്ള കാലയളവ് അഞ്ചു വർഷമാണ്. പല രാജ്യങ്ങളിലും അതിനിടയിൽ തന്നെ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ ഇന്ത്യയിലെന്താണ് നടക്കുന്നത്? അഞ്ചുവർഷ കാലാവധി തന്നെയാണ് ഇവിടെയും നിലനിൽക്കുന്നത്. എന്നാൽ തുടർന്നും അതേ വ്യക്തികൾക്കും പാർട്ടികൾക്കും അധികാരത്തിൽ തുടരാൻ കഴിയുന്ന സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിയെ തന്നെ നോക്കൂ. എത്രയോ വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രിയായി 10 വർഷം തികയാൻ പോകുകയാണ്. ഇനിയുമൊരു അങ്കത്തിനു തയാറെടുക്കുക കൂടിയാണ് അദ്ദേഹം. മൂന്നു പതിറ്റാണ്ടിൽപരം കാലം തുടർച്ചയായി ബംഗാൾ ഭരിച്ച സി.പി.എമ്മിന് അവിടെ എന്താണ് സംഭവിച്ചതെന്ന് ഇന്നു നമുക്കറിയാം. 
അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്നു പറഞ്ഞത് ബർട്രന്റ് റസ്സലാണ്.  ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളവും അത് ശരിയാണ്. ജനാധിപത്യ സംവിധാനത്തോടെയാണെങ്കിലും ഭരണത്തുടർച്ച ഈ ജീർണതയെ കൂടുതൽ രൂക്ഷമാക്കും. അതിനാൽ തന്നെ അനന്തമായി തുടരുന്ന അധികാര തുടർച്ചയെ തടയാനുള്ള സംവിധാനം അനിവാര്യമാണ്. അതാകട്ടെ, ഈ വ്യവസ്ഥക്കുള്ളിൽ തന്നെ അന്തർലീനമാകുകയും വേണം. അത്തരത്തിലുള്ള ശ്രമങ്ങൾ കാര്യമായി ഉണ്ടാകുന്നില്ല എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളി. വിവരാവകാശ നിയമവും സേവനാവകാശ നിയമവും ലോക്പാലും തിരിച്ചുവിളിക്കാനുള്ള അവകാശത്തെ കുറിച്ചുള്ള ചർച്ചകളും മറ്റും ആ ദിശയിലുള്ള ചലനങ്ങളാണെന്നു പറയാമെങ്കിലും ലക്ഷ്യം നേടുന്നില്ല. മാത്രമല്ല, അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News