Sorry, you need to enable JavaScript to visit this website.

നിപ്പാ വൈറസ് കർണാടകയിലേക്കും, രണ്ടു പേർ ആശുപത്രിയിൽ

മംഗളൂരു- നിപ്പാ വൈറസ് ബാധ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പടരുന്നു. വൈറസ് ബാധയുടെ ലക്ഷണവുമായി രണ്ടുപേരെ കർണാടകയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത് വയസുള്ള യുവതിയെയും 75 കാരിയെയുമാണ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ്പ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചവരുമായി നേരിൽ ബന്ധപ്പെട്ടവരാണ് ഇവർ രണ്ടുപേരും. ഇരുവർക്കും വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും കർണാടകയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ ഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 
നിപ്പാ വൈറസ് ബാധയേറ്റ ഒരാൾ കൂടി ഇന്ന് കോഴിക്കോട്ട് മരിച്ചിരുന്നു. നേരത്തെ മരിച്ച മുഹമ്മദ് സാലിഹ്, സാബിത്ത് എന്നിവരുടെ പിതാവ് പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് ഇന്ന് മരിച്ചത്. മൂസ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ പതിനെട്ടിനാണ് മൂസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ നിപ്പാ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഇതിൽ പതിനൊന്ന് പേർക്കാണ് നിപ്പ സ്ഥിരീകരിച്ചത്. മെയ് അഞ്ചിന് മരിച്ച സാബിത്തിന്റെ മരണം നിപ്പാ വൈറസ് ബാധയേറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. സാബിത്തിന്റെ സഹോദരൻ മെയ് പതിനെട്ടിനും 19ന് മൂസയുടെ സഹോദരന്റെ ഭാര്യ മറിയവും മരിച്ചു. 
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാൾക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മരിച്ച തിരൂരങ്ങാടി തെന്നല ഷിജിതയുടെ ഭർത്താവ് ഉബീഷിനാണ് രോഗം സ്ഥിരീകരിച്ചത്. നിപ്പ ബാധിച്ച് മരിച്ച തിരൂരങ്ങാടി മുന്നിയൂർ സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യനും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി. ഇതോടെ രോഗം സംശയിച്ച് 17 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടു പേരും ചികിത്സയിലുണ്ട്. ഇവരും കോഴിക്കോട് നിന്നെത്തിയവരാണ്. പേരാമ്പ്രയിൽനിന്ന് കോട്ടയം കടുത്തിരുത്തിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഒരാൾ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയത്. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലെ നഴ്‌സാണ് ചികിത്സ തേടിയ മറ്റൊരാൾ.
 

Latest News