റിയാദ് - വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റത്തിനുള്ള ഫീസ് വഹിക്കേണ്ടത് തൊഴിലുടമകളാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ഫീസുകൾ, ഇഖാമ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, ഇഖാമയും വർക്ക് പെർമിറ്റും പുതുക്കാനുള്ള ഫീസുകൾ, ഇവ പുതുക്കാൻ കാലതാമസം വരുത്തുന്നതു മൂലമുള്ള പിഴകൾ എന്നിവയെല്ലാം തൊഴിലുടമകളാണ് വഹിക്കേണ്ടത്.
റീ-എൻട്രി വിസാ ഫീസ്, തൊഴിൽ കരാർ അവസാനിച്ച ശേഷം സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് എന്നിവയും തൊഴിലുടമകളാണ് വഹിക്കേണ്ടതെന്ന് തൊഴിൽ നിയമത്തിലെ 40-ാം വകുപ്പ് അനുശാസിക്കുന്നു. തൊഴിൽ കരാർ അവസാനിച്ച ശേഷം സർവീസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ഇതിന് തൊഴിലുടമ പണമൊന്നും ഈടാക്കാൻ പാടില്ല. ജോലിയിൽ പ്രവേശിച്ച തീയതി, തൊഴിൽ കരാർ പൂർത്തിയായ തീയതി, ഏറ്റവും ഒടുവിൽ ലഭിച്ച വേതനം എന്നിവയെല്ലാം സർവീസ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.