ന്യൂദൽഹി- കോടികളുടെ ആസ്തിയുമായി ബി.ജെ.പിയും മോഡിയും മോടി കൂട്ടാനൊരുങ്ങുമ്പോൾ സംഭാവനകൾ കൂമ്പാരമായില്ലെങ്കിൽ ഇനിയുള്ള പരിപാടികൾ ഗംഭീരമാകില്ലെന്ന ദുരവസ്ഥയിൽ കോൺഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം തികച്ചു സമയമില്ലാതിരിക്കേ കോൺഗ്രസിന്റെ ഖജനാവ് കാലിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പോടുകൂടി ബി.ജെ.പിയെ പരാജയപ്പെടുത്തി നരേന്ദ്ര മോഡി സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കണമെങ്കിൽ കോൺഗ്രസിന് വലിയ ധനസമാഹരണം നടത്തേണ്ടിവരും. കഴിഞ്ഞ അഞ്ചു മാസമായി പാർട്ടി സംസ്ഥാന ഓഫീസുകൾക്കുള്ള ഫണ്ടുകൾ അയക്കുന്നത് പോലും മുടങ്ങിയിരിക്കുകയാണ്. ചെലവു ചുരുക്കി വരുമാനം കൂട്ടണമെന്നാണ് പാർട്ടി ഘടകങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, പാർട്ടിയുടെ പണപ്പെട്ടി കാലിയായെന്ന വാർത്തകളോടു പ്രതികരിക്കാൻ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല തയാറായില്ല. മോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെ കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതാണ് കോൺഗ്രസിന്റെ പണപ്പെട്ടി കാലിയാക്കിയതെന്ന പ്രചാരണത്തിലേക്കാകും ബി.ജെ.പി ഇനി നീങ്ങുക.
നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിർമാണം ആരംഭിച്ച ബി.ജെ.പി ആസ്ഥാനത്തിന്റെ നിർമാണം കോടികൾ വാരിയെറിഞ്ഞു ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തിച്ചു തുടങ്ങി. എന്നാൽ, അതേസമയം തന്നെ പാർട്ടി ആസ്ഥാനത്തിന് സ്ഥലം അനുവദിച്ചു കിട്ടിയെങ്കിലും നിർമാണം കാശില്ലാത്തതിനാൽ ഇഴഞ്ഞു നീങ്ങുകയാണ്.
സാധാരണ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥാനാർഥികൾക്ക് പ്രചാരണത്തിനും മറ്റുമുള്ള ചെലവിനായി എ.ഐ.സി.സി ആസ്ഥാനത്തുനിന്നു ഫണ്ട് നൽകുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഗോവ, മണിപ്പൂർ, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടന്നപ്പോൾ ഹൈക്കമാന്റിൽ നിന്നുള്ള ധനസഹായം നാമമാത്രമായിരുന്നു. അതാതു സംസ്ഥാനങ്ങൾ ചെലവിനുള്ള പണം കണ്ടെത്തണമെന്നായിരുന്നു നിർദേശം. കർണാടകയിൽ തെരഞ്ഞെടുപ്പിനു മുൻപും പിൻപും കോൺഗ്രസിന്റെ പണമില്ലായ്മ വ്യക്തമായി പ്രതിഫലിച്ചു. കോടികൾ വാഗ്ദാനം ചെയ്തു ബി.ജെ.പി കുതിരക്കച്ചവടത്തിനൊരുങ്ങിയപ്പോൾ സ്വന്തം എം.എൽ.എമാരെ പാർട്ടിക്കു കീഴിൽ ഉറപ്പിച്ചു നിർത്താൻപോലും പണമിറക്കാനാകാതെ കോൺഗ്രസ് നട്ടം തിരിയുന്ന അവസ്ഥയിലെത്തിയിരുന്നു. ഒടുവിൽ, ഡി.കെ ശിവകുമാർ ഉൾപ്പെടെ ധനികരായ സംസ്ഥാന നേതാക്കൾ രംഗത്തിറങ്ങിയതാണ് ആശ്വാസമായത്.
എ.ഐ.സി.സി ആസ്ഥാനത്ത്‌നിന്നു പണം ലഭിക്കാതിരുന്നതിനെ തുടർന്ന് ഈ വർഷം ആദ്യം കിഴക്കൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ഒരു മുതിർന്ന നേതാവിന് അവിടേക്കെത്താൻ വിമാന ടിക്കറ്റ് പോലും ബുക്ക് ചെയ്യാൻ കഴിയാതെ യാത്ര റദ്ദാക്കേണ്ടി വന്നിരുന്നു. പണമില്ലാത്തത് കൊണ്ട് തന്നെ ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ അത്ര പകിട്ടില്ലാതെയായിരുന്നു കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾ.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കനുസരിച്ച് 2013 മുതൽ 2016 വരെ 2,987 കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നായി ബി.ജെ.പിക്ക് 705 കോടി രൂപ സംഭാവന ലഭിച്ചപ്പോൾ 167 സ്ഥാപനങ്ങളിൽ നിന്നായി കോൺഗ്രസിന് ലഭിച്ചത് 198 കോടി രൂപ മാത്രമായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച കണക്കുകൾ അനുസരിച്ച് 2014ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 588 കോടി രൂപ സംഭാവന ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 350 കോടി രൂപയാണ്. 2017 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിയെ അപേക്ഷിച്ച് കോൺഗ്രസിന് ലഭിച്ച വരുമാനം വളരെ കുറവായിരുന്നു. മുൻ വർഷത്തേതിൽ നിന്ന് 81 ശതമാനം വർധിച്ച് 1034 കോടി രൂപയാണ് ആ വർഷം ബി.ജെ.പിക്ക് ലഭിച്ച സംഭാവന. എന്നാൽ, കോൺഗ്രസിനാകട്ടെ മുൻ വർഷത്തേതിൽ നിന്നും 14 ശതമാനം കുറഞ്ഞ് 225 കോടി രൂപ മാത്രമായിരുന്നു സംഭാവനയിലൂടെയുള്ള വരുമാനം.
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തെത്തിയതോടെ വലിയ വ്യവസായികളിൽനിന്നുള്ള പാർട്ടി സംഭാവനയിൽ ഗണ്യമായ കുറവാണു വന്നിരിക്കുന്നത്. പാർട്ടിയുടെ കൈയിൽ കാശില്ലെന്ന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന് നേതൃത്വം നൽകുന്ന ദിവ്യ സ്പന്ദന തന്നെ പറഞ്ഞിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള തെരഞ്ഞെടുപ്പു ബോണ്ടുകൾ ഏർപ്പെടുത്തിയതിലൂടെയും കോൺഗ്രസിന് സംഭാവന ലഭിക്കുന്നില്ല. ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയുള്ള വരുമാനം തീരെയില്ലെന്നാണ് ദിവ്യ സ്പന്ദന പറഞ്ഞത്. ധനസമാഹരണത്തിനായി വമ്പിച്ച ഓൺലൈൻ പ്രചാരണങ്ങളുടെ വഴിയിലാണ് കോൺഗ്രസ് ഇപ്പോൾ.
2013ൽ 15 സംസ്ഥാനങ്ങളുടെ ഭരണം ഉണ്ടായിരുന്നതിൽനിന്ന് കോൺഗ്രസിന്റെ അധികാരവൃത്തം രണ്ടു സംസ്ഥാനങ്ങളിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു. ബി.ജെ.പിയാകട്ടെ 20 സംസ്ഥാനങ്ങളിൽ ഭരണം കൈപ്പിടിയിൽ ഒതുക്കിക്കഴിഞ്ഞു. ഇതിനുപുറമേ മോഡി പ്രഭാവത്തിലും പാർട്ടി അധ്യക്ഷൻ അമിത്ഷായുടെ പാടവത്തിലും ബി.ജെ.പിയിലേക്ക് സംഭാവനകളുടെ കുത്തൊഴുക്കാണ്. എന്നാൽ, ബി.ജെ.പിയെ അപേക്ഷിച്ച് കോൺഗ്രസ് തീരെ വ്യവസായ സൗഹൃദമില്ലാത്ത പാർട്ടിയാണെന്നാണു വ്യവസായ രംഗത്തുള്ളവർ തന്നെ വിമർശിക്കുന്നത്.