ന്യൂദല്‍ഹി- പ്രതിഷേധം ശക്തമായതോടെ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന ആരോപണം അന്വേഷിക്കാന്‍ മേരി കോമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഏഴംഗസമിതി പ്രഖ്യാപിച്ചു. ഡോള ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. ഇന്ന് വൈകി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭം കേന്ദ്രസര്‍ക്കാരിന് വലിയ തലവേദനയായിരുന്നു. ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. അതിനിടെ കായിക താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിലും പഞ്ചാബിലുംനിന്ന് നിരവധി പേരെത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പരിഹാരമായി നിര്‍ദേശിക്കുന്ന പല കാര്യങ്ങളിലും തങ്ങള്‍ക്ക് തൃപ്തിയില്ലെന്നും ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ വ്യക്തമാക്കി. തങ്ങളുടെ കരിയര്‍ തന്നെ അപകടത്തിലാക്കിയാണ് പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നതെന്നും ഇന്ത്യന്‍ ഗുസ്തി താരം ബജ്‌രംഗ് പൂനിയയും പറഞ്ഞു. താരങ്ങള്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂറുമായി ഇന്നലെ രണ്ടാം വട്ടവും കൂടിക്കാഴ്ച നടത്തി.
അതിനിടെ ഗുസ്തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടിനെ മധ്യസ്ഥയാക്കി പ്രശ്‌നപരിഹാരത്തിനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. സമരത്തിന് രാഷ്ട്രീയ ഛായ ഉണ്ടാകാതിരിക്കാന്‍ കഴിഞ്ഞ ദിവസം സി.പി.എം നേതാവ് വൃന്ദ കാരാട്ടിനെ വേദിയില്‍ നിന്നൊഴിവാക്കിയത് പോലെ കോണ്‍ഗ്രസ് നേതാവും മുന്‍ ബോക്‌സിംഗ് താരമായ വിജേന്ദര്‍ സിംഗിനെയും ഒഴിവാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ബ്രിജ്ഭൂഷനെ പിരിച്ചു വിടണമെന്നും അസോസിയേഷന്‍ പുനസംഘടിപ്പിക്കണമെന്നും പ്രതിഷേധിക്കുന്ന താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത്ഷാ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ എന്നിവരോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷക്ക് നല്‍കിയ പരാതി ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരെ ടാഗ് ചെയ്യുകയും ചെയ്തു.
താന്‍ എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ സുനാമി തന്നെ ഉണ്ടാകുമെന്നാണ് ഇന്നലെ രാവിലെ ബ്രിജ്ഭൂഷന്‍ പറഞ്ഞത്. വൈകിട്ട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍, മാധ്യമങ്ങളുടെ മുന്നിലേക്ക് പോകരുതെന്നും പ്രസ്താവനങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ബി.ജെ.പി എം.പി കൂടിയായി ബ്രിജ്ഭൂഷന് താക്കീത് നല്‍കി. അതിനിടെ ഇന്നലെ വൈകുന്നേരത്തോടെ ഇന്ത്യന്‍ ഒളിപിംക് അസോസിയേഷന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനും ഗുസ്തി ഫെഡറേഷന്‍ പരിശീലകര്‍ക്കും എതിരേ പ്രതിഷേധം ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ ഒളിംപ്ക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷക്കും പരാതി നല്‍കിയിരുന്നു.
ദല്‍ഹി ജന്ദര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയില്‍നിന്ന് കൂടുതല്‍ പേരെത്തുന്നുണ്ട്. ബി.ജെ.പി എം.പിക്ക് എതിരേ ഉയര്‍ന്ന ആരോപണം ഹരിയാനയിലെ മനോഹര്‍ ലാല്‍ ഘട്ടര്‍ സര്‍ക്കാരിനെ വെട്ടിലാക്കാനും ശ്രമം നടക്കുന്നുണ്ട്. ഹരിയാനയുടെ വികാരം കൂടിയായ ഗുസ്തിയില്‍ തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന പേടി ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമുണ്ട്. അതിനാല്‍ കൈവിട്ടു പോകാതെ പ്രശ്‌നപരിഹാരം ഉണ്ടാക്കാനാണ് കേന്ദ്ര കായിക മന്ത്രാലയവും ശ്രമിക്കുന്നത്.