ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദ വിവരങ്ങള്‍ക്കായി വിവരാവകാശപ്രകാരം അപേക്ഷിച്ചവരെ അധിക്ഷേപിച്ചു ദല്‍ഹി സര്‍വകലാശാല. വിവരാവകാശ പ്രവര്‍ത്തകരായ അന്‍ജലി ഭരദ്വാജ്, നിഖില്‍ ഡേ, അമൃത ജോഹ്‌രി എന്നിവര്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നാണ് ദല്‍ഹി സര്‍വകലാശാല അധികൃതര്‍ പരിഹസിച്ചത്.
പ്രധാനമന്ത്രിയുടെ ബിരുദ രേഖകള്‍ ലഭ്യമാക്കണമെന്ന് വിവിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ തള്ളിയതില്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് മൂന്നു വിവരാവകാശ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 1978ലെ ബിഎ പരീക്ഷയുടെ രേഖകള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. സര്‍വകലാശാല റജിസ്ട്രാര്‍ ടി.കെ. ദാസാണ് ഈ ആവശ്യത്തെ പബ്ലിസിറ്റി സ്റ്റണ്ടെന്നു വിശേഷിപ്പിച്ചത്. വിഷയത്തില്‍ കോടതി ഇടപെടുന്നതിനെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. വിഷയത്തില്‍ ഇടപെടാതിരിക്കാനാകില്ലെന്നും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഹരജി അടുത്ത ഓഗസ്റ്റ് 23ന് കോടതി വീണ്ടും പരിഗണിക്കും.