Sorry, you need to enable JavaScript to visit this website.

പുകയുന്ന രാജ്ഭവനുകൾ

ബിഹാറിലെ പട്‌നയിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസം നേടി സി.ബി.ഐയിലും സുരക്ഷ ചുമതലകളുടെ തലപ്പത്തും കേന്ദ്ര സർക്കാരിനെ ഏറെ സേവിച്ച ശേഷമാണ് രവീന്ദ്രനാരായൺ രവി എന്ന ആർ.എൻ. രവിയുടെ രാജ്ഭവൻ പ്രവേശം. 2019 ഓഗസ്റ്റ് ഒന്നിന് നാഗാലാന്റ് ഗവർണറായി നിയമിതനാകുമ്പോൾ, കേന്ദ്ര ഭരണകൂടത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വേണ്ടതെല്ലാം അറിയാമായിരുന്നു. രണ്ടു വർഷം നാഗാലാന്റിലെ രാജ്ഭവനിലും കുറഞ്ഞ കാലം മേഘാലയത്തിലും സ്വസ്ഥമായി കഴിച്ചുകൂട്ടിയ ശേഷമാണ് ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടിലേക്ക് ആർ.എൻ. രവി നിയോഗിതനായത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പോലെ തന്റെ നിയോഗ ലക്ഷ്യം വ്യക്തമായി അറിയാവുന്ന രവി തമിഴ്‌നാട്ടിൽ തുടക്കം മുതലേ അസ്വസ്ഥതകൾക്ക് വിത്തിട്ടു. സർക്കാരും രാജ്ഭവനും തമ്മിലുള്ള ഏറ്റുമുട്ടൽ പതിവായി. 2021 സെപ്റ്റംബർ ഒമ്പതിനാണ് തമിഴ്‌നാട്ടിലേക്ക് അദ്ദേഹം നിയമിക്കപ്പെട്ടത്. അന്നു മുതൽ ഇന്നുവരെ തമിഴ്‌നാട് സർക്കാരിന് സ്വസ്ഥത നൽകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ അദ്ദേഹത്തെ ഹൃദയപൂർവം വരവേറ്റെങ്കിലും സംഘർഷത്തിന്റെ ദിനങ്ങൾ വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.
സി.ബി.ഐയിലാണ് രവിയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കം- 1974 ൽ. ഖനന മാഫിയ അടക്കമുള്ള നിരവധി ക്രിമിനൽ സംഘങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു, നിരവധി അഴിമതിവിരുദ്ധ കേസുകളിലും ഭാഗഭാക്കായി. പിന്നീട് ഇന്റലിജൻസ് ബ്യൂറോയിൽ ചേർന്നപ്പോൾ ജമ്മു കശ്മീരായിരുന്നു തട്ടകം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കലാപകാരികളിലും മാവോയിസ്റ്റ് മേഖലകളിലും രഹസ്യാന്വേഷണ ഏകോപനം നിർവഹിച്ച അദ്ദേഹം 2012 ൽ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിച്ചു.
എന്നാൽ വിശ്രമ ജീവിതമല്ല അദ്ദേഹം തെരഞ്ഞെടുത്തത്. സമ്പന്നമായ ഔദ്യോഗിക അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ ദിനപത്രങ്ങളിൽ സുരക്ഷ വിഷയങ്ങളിൽ അദ്ദേഹം നിരന്തരം എഴുതുമായിരുന്നു. 2014 ൽ ജോയന്റ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാനായി നിയമിതനായി, 2018 ൽ ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവായി അജിത് ഡോവലിന് കീഴിൽ നിയമിതനായി. അടുത്ത വർഷമാണ് രാജ്ഭവനിലെ അരങ്ങേറ്റം.
നാഗാലാന്റിലും മേഘാലയത്തിലും രണ്ടു വർഷത്തെ ഗവർണർ പരിശീലനത്തിന് ശേഷം തമിഴ്‌നാട്ടിലെ രാജ്ഭവനിലെത്തിയ രവി ആദ്യ ദിവസം തന്നെ പണി തുടങ്ങി. രവിയുടെ നിയമനത്തിലെ അസ്വാഭാവികത കോൺഗ്രസും ഡി.എം.കെയും അപ്പോൾ തന്നെ ചൂണ്ടിക്കാട്ടി. രാജീവ് വധക്കേസ് പ്രതി പേരറിവാളന്റെ മോചനഹരജി രാഷ്ട്രപതിക്ക് റഫർ ചെയ്താണ് രവി ആദ്യ വെടി പൊട്ടിച്ചത്. എന്നാൽ സുപ്രീം കോടതി അദ്ദേഹത്തിന്റെ ചെവിക്ക് പിടിച്ചു. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുന്ന ഇത്തരം പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കാനായിരുന്നു ഉപദേശം. 
2021 സ്‌പെറ്റംബർ മുതൽ 2022 ഏപ്രിൽ വരെ സംസ്ഥാന നിയമസഭ പാസാക്കിയ 19 ബില്ലുകളാണ് ഗവർണർ രവി പിടിച്ചുവെച്ചത്. വിവാദമായ നീറ്റ് വിരുദ്ധ ബില്ലും ഇതിലുൾപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിലും ചുമതലകളിലും ഇടപെടുന്ന സമീപനത്തിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്ന്് നിരന്തരം മുറവിളി ഉയർന്നു. 2022 മേയിൽ അദ്ദേഹത്തിന് മുമ്പിലുണ്ടായിരുന്നത് നിയമസഭ പാസാക്കിയ 21 ബില്ലുകളായിരുന്നു. 
തമിഴ്‌നാടിന്റെ പേര് തന്നെ മാറ്റണമെന്നാണ് കഴിഞ്ഞയാഴ്ച അദ്ദേഹം നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്. തമിഴകം എന്ന പേരായിരിക്കും തമിഴ്‌നാടിന് കൂടുതൽ അനുയോജ്യമെന്ന് രവി കണ്ടെത്തി. ഭരണകക്ഷിയായ ഡി.എം.കെ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. പ്രസംഗം മുഴുമിപ്പിക്കാതെ അദ്ദേഹത്തിന് നിയമസഭ വിടേണ്ടിവന്നു. എഴുതിക്കൊടുത്ത പ്രസംഗമല്ല അദ്ദേഹം വായിച്ചതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. വനിത ശാക്തീകരണം, മതനിരപേക്ഷത തുടങ്ങിയ വാക്കുകൾ അദ്ദേഹം പ്രസംഗത്തിന്റെ കരടിൽനിന്ന് വെട്ടിമാറ്റി. ബി.ആർ. അംബേദ്കറുടെയും ദ്രാവിഡ നേതാക്കളുടെയും ഉദ്ധരണികളും ഗവർണറുടെ ചുവപ്പുപേനയിൽ കുടുങ്ങി. സർക്കാർ നൽകുന്ന പ്രസംഗം മാത്രമേ ഗവർണർ വായിക്കാവൂ എന്നും അതല്ലാത്ത വാചകങ്ങളെല്ലാം രേഖയിൽനിന്ന് നീക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസാക്കുകയും സർക്കാർ നൽകിയ പ്രസംഗം മാത്രമേ നിയമസഭ രേഖയിൽ കാണൂ എന്ന് സ്പീക്കർ റൂളിംഗ് നൽകുകയും ചെയ്തു. തുടർന്നാണ് ഗവർണർ നിയമസഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. തെരുവിലും പ്രതിഷേധമുയർന്നതോടെ പുതിയൊരു പ്രതിസന്ധിയിലാണ് തമിഴ്‌നാട്.
തമിഴ്‌നാട്ടിൽ മാത്രമല്ല കേരളം, ദൽഹി, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും രാജ്ഭവനുകൾ പുകയുകയാണ്. അടുത്തിടെ വരെ മഹാരാഷ്ട്രയിലും ഇതു തന്നെയായിരുന്നു സ്ഥിതി.  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നത് മുതൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ പ്രവർത്തനത്തിൽ ഇടപെടുന്നത് വരെ ഗവർണർമാരുടെ ലീലാവിലാസങ്ങളിൽ പെടുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഗവർണർമാർക്ക് ഈ ഹാലിളക്കമെന്നത് സംഭവങ്ങളുടെ രാഷ്ട്രീയ സ്വഭാവം വ്യക്തമാക്കിത്തരുന്നു. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളുടെ സമ്മതം തടഞ്ഞുവെയ്ക്കുന്നതു മുതൽ കേരളത്തിൽ രാഷ്ട്രീയ സ്വഭാവമുള്ള പ്രകോപനപരമായ പത്രസമ്മേളനങ്ങൾ നടത്തുന്നതും വരെ അനൗചിത്യങ്ങളുടെ പട്ടിക നീളുകയാണ്. 
നമ്മുടെ ഭരണഘടനയിൽ ഗവർണറുടെ പങ്ക് എന്താണ്? ഭരണഘടനയുടെ ആർട്ടിക്കിൾ 153 മുതൽ 163 വരെ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നു. ഓരോ സംസ്ഥാനത്തിനും ഒരു ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ആർട്ടിക്കിൾ 164 പ്രകാരം മുഖ്യമന്ത്രിയെ ഗവർണറും മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണറും നിയമിക്കുന്നു. സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധി എന്ന നിലയിലും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്ന സംസ്ഥാനത്തിന്റെ ഭരണഘടന തലവൻ എന്ന നിലയിലും ഗവർണർക്ക് അങ്ങനെ ഇരട്ട റോളുണ്ട്.
ഗവർണർക്ക് വിശാലവും വ്യാപകവുമായ അധികാരങ്ങളുണ്ടെന്ന് ഇത് ധ്വനിപ്പിക്കുന്നു. എന്നാൽ വ്യാഖ്യാനം അങ്ങനെയല്ല. സാധാരണ ഗതിയിൽ, ഗവർണർക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാൻ കഴിയുന്ന ചുരുക്കം ചില സന്ദർഭങ്ങൾ ഒരു തൂക്കുതെരഞ്ഞെടുപ്പ് ഫലമോ അല്ലെങ്കിൽ മന്ത്രിസഭയുടെ വിശ്വാസം നഷ്ടപ്പെടുന്നതോ പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലാണ്. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്കായി മാറ്റിവെക്കുക, ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുക, സംസ്ഥാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടാൻ മുഖ്യമന്ത്രിയെ വിളിക്കുക തുടങ്ങിയ അധികാരങ്ങളുമുണ്ട്. സമീപകാലത്ത്, ചില ഗവർണർമാർ ഇത് വളരെ ഗൗരവമായി എടുത്തതായി തോന്നുന്നു. സിവിൽ സർവീസ് ഓഫീസർമാരിൽനിന്ന് ഗവർണർ നേരിട്ട് വിവരങ്ങൾ ആവശ്യപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
കേരളത്തിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുന്ന ഒരു രാഷ്ട്രീയക്കാരനെ മിസോറം ഗവർണറായി നിയമിക്കുകയും പിന്നീട് മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരളത്തിലേക്ക് തിരികെ വിളിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വതന്ത്രവും മാന്യവും ഭരണഘടനാപരവുമായ ഗവർണറുടെ പദവിക്ക് സംഭവിച്ച വലിയ കോട്ടങ്ങളിൽ ഒന്നാണിത്.  
1983 ലെ രഞ്ജിത് സിംഗ് സർകാരിയ കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ സുവർണ രേഖയായി കണക്കാക്കപ്പെടുന്നു. നിയമനത്തിന് തൊട്ടുമുമ്പുള്ള കാലത്ത് സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്ത, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള പ്രമുഖരായിരിക്കണം ഗവർണറെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. മുഖ്യമന്ത്രി, ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കർ എന്നിവരുമായി കൂടിയാലോചിച്ച് അവരെ നിയമിക്കണം, അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഔദ്യോഗിക കാലാവധി ഫലത്തിൽ ഉറപ്പ് വരുത്തണം. വിരമിക്കലിന് ശേഷമുള്ള സ്ഥാനങ്ങൾക്ക് ഗവർണർമാർ അയോഗ്യരാണെന്നും നിർദേശിച്ചു. ഖേദകരമെന്നു പറയട്ടെ, ഈ ശുപാർശകളിൽ ഭൂരിഭാഗവും ഇന്ന് നടപ്പാക്കപ്പെടുന്നില്ല. 
ഗവർണർമാരുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കാൻ, ഭരണഘടനയുടെ ആർട്ടിക്കിൾ 157 പുനഃപരിശോധിക്കേണ്ടതും ഗവർണർമാരുടെ നിയമനത്തിന് കൂടുതൽ പ്രത്യേക മാനദണ്ഡങ്ങളും യോഗ്യതകളും വ്യക്തമാക്കേണ്ടതും ആവശ്യമാണ്. ആർട്ടിക്കിൾ പ്രകാരം അവർ 35 വയസ്സിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാരായിരിക്കണമെന്ന് മാത്രം ആവശ്യപ്പെടുന്നതിനാൽ, രാഷ്ട്രീയ നിയമിതർക്ക് ഈ ഫീൽഡ് വളരെ വിശാലമാണ്. ഭരണഘടന ശിൽപികൾ വിഭാവനം ചെയ്തതെന്തോ അത് പൂർണാർഥത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു കേന്ദ്ര ഭരണകൂടത്തിന് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ.

Latest News