ബംഗളുരു-പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും വില്‍ക്കുന്നത് നിരോധിക്കില്ല, പകരം ഫാര്‍മസിസ്റ്റുകള്‍ അവരെ ബോധവല്‍ക്കരിക്കണമെന്ന് കര്‍ണാടക ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. 18 വയസിന് താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്തയും ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിഷേധിച്ചു.
അത്തരമൊരു സര്‍ക്കുലര്‍ ഞങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല. ഏത് പ്രായത്തിലുമുള്ള ആളുകള്‍ക്ക് കോണ്ടം അല്ലെങ്കില്‍ മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വില്‍ക്കുന്നതിന് വിലക്കില്ല. ഞങ്ങള്‍ വിശദമായ പ്രസ്താവന നാളെ പുറപ്പെടുവിക്കും,'- കര്‍ണാടക ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഭാഗോജി ടി ഖാനാപുരെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗളൂരുവിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കുട്ടികള്‍ക്ക് വില്‍ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പരാതികള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി മാനേജ്മെന്റിന് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാനും സ്്കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.