കൊച്ചി-ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപി യൂനിയന്റെ സ്‌നേഹം ആർക്കൊപ്പമായിരിക്കുമെന്ന് ചെങ്ങന്നൂരിലെ ആളുകൾ തീരുമാനിക്കുമെന്നും കോടിയേരി ബാലകൃഷ്ണനും ഗോവിന്ദൻ മാസ്റ്ററും എസ്എൻഡിപി ഓഫീസിൽ ആദ്യമെത്തിയെന്നതുകൊണ്ട് കുടുതൽ പരിഗണന ഉണ്ടാകില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരോ പ്രദേശത്തുമുള്ള സ്‌നേഹം പ്രാദേശികമായി അനുഭവിച്ചവർക്കേ അറിയാൻ കഴിയൂ. എസ്എൻഡിപിയെ സംബന്ധിച്ചിടത്തോളം സമുദായത്തിന്റെ നയവുമായി യോജിക്കുന്ന സമുദായത്തെ സഹായിക്കുന്ന, ജാതി, മത, വർണ, വർഗ വ്യത്യാസങ്ങൾക്ക് അതീതമായി സഹായിക്കുന്നവരെ തിരിച്ചു സഹായിക്കണം. അത് ആരാണ് എന്ന് തിരിച്ചറിഞ്ഞ് അവിടത്തെ സമുദായംഗങ്ങളായ വോട്ടർമാർ വോട്ടു ചെയ്യും. കോടിയേരി ബാലകൃഷ്ണൻ ഗോവിന്ദൻ മാസ്റ്ററെയും കൂട്ടി അവിടെ ആദ്യം ചെന്നുവെന്നതു കൊണ്ട് അത് ഒരു നയമായി കാണേണ്ടതില്ല. അവർ അടുത്തുണ്ടായിരുന്നതുകൊണ്ട് ആദ്യം ചെന്നതായാരിക്കും. ആദ്യം വന്നതുകൊണ്ടു കൂടുതൽ പരിഗണനയോ അവസാനം വന്നതുകൊണ്ടു കുറവ് പരിഗണനയോ എന്നില്ല. കോടിയേരി ബാലകൃഷ്ണന് എസ്എൻഡിപി യൂനിയൻ എന്താണെന്ന് അറിയാം. ഗോവിന്ദൻ മാസ്റ്റർക്ക് എസ്എൻഡിപി എന്താണെന്ന് വേണ്ടത്ര അറിയില്ല. എപ്പോഴും വർഗീയ സംഘടനയെന്നും ജാതിക്കളിയെന്നും പറഞ്ഞ് എസ്എൻഡിപി യൂനിയനെ എപ്പോഴും കുത്തിനോവിക്കുന്ന ആളാണ് ഗോവിന്ദൻ മാസ്റ്റർ.
തെരഞ്ഞെടുപ്പിന്റെ സമയത്ത് പോലും അപക്വമായ അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. താൻ അതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എപ്പോഴും തോണ്ടുകയും നുള്ളുകയും ചെയ്യുന്ന അസുഖം ഗോവിന്ദൻ മാസ്റ്റർക്കുണ്ട്. കാരണം അദ്ദേഹത്തിന് മലബാർ രാഷ്ട്രീയമേ അറിയൂ. തിരൂവിതാംകൂർ രാഷ്ട്രീയം അദ്ദേഹത്തിന് വേണ്ടത്ര അറിവില്ല. മധ്യ തിരുവിതാംകൂറിൽ എസ്എൻഡിപി യൂനിയന്റെ ശക്തി അദ്ദേഹം വേണ്ടത്ര മനസ്സിലാക്കാത്തതുകൊണ്ടായിരിക്കും ആദ്യം അത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. ഇപ്പോൾ മനസ്സിലായതു കൊണ്ടായിരിക്കും ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിക്കൊപ്പം ചെങ്ങന്നൂരിലെ യൂനിയൻ ഓഫീസിൽ എത്തിയത്. എസ്എൻഡിപി യോഗം ഒരു പാർട്ടടിയുടെയും തടവറയിൽ അല്ല. തങ്ങളെ സ്‌നേഹിക്കുന്നവർ ആരായാലും അവരുമായി സഹകരിക്കും. ചെങ്ങന്നൂരിൽ ആര് ജയിച്ചാലും തോറ്റാലും കേരള രാഷ്ട്രീയത്തിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ചെങ്ങന്നൂരിൽ ആരു ജയിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. ചെങ്ങന്നൂരിൽ വികസനമാണ് ജനം ആഗ്രഹിക്കുന്നത്. ഇതിനു മുമ്പ് പലരും ഭരിച്ചുപോയെങ്കിലും അവിടെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ചെങ്ങന്നൂരിൽ 45,000 ത്തോളം ഈഴവ വോട്ടുണ്ട്. പട്ടികജാതി പട്ടിക വർഗത്തിന് 29,000 വോട്ടുകൾ ഉണ്ട്. ഈ രണ്ടു വിഭാഗത്തിന്റെ വോട്ടുകളായിരിക്കും വിധി നിർണയിക്കുന്നത്. ക്രിസ്ത്യൻ വിഭാഗമാണ് കൂടുതൽ പ്രാതിനിധ്യമുളള വിഭാഗം. അതുകഴിഞ്ഞാൽ നായർ വിഭാഗമാണ്. നായരും ഈഴവരും തമ്മിൽ ഏകദേശം മൂവായിരം വോട്ടിന്റെ വ്യത്യാസമേയുള്ളൂവെന്നും വെളളാപ്പള്ളി നടേശൻ പറഞ്ഞു.