ലണ്ടന്‍-സ്ത്രീകളെ പീഡിപ്പിച്ചതിലും, ബലാത്സംഗം ചെയ്തതിലും കുറ്റക്കാരനായ പോലീസുകാരന് ജയിലില്‍ നിന്നിറങ്ങിയാല്‍ പ്രതിവര്‍ഷം 22,000 പൗണ്ട് പെന്‍ഷന്‍ ലഭിക്കും. ഇതുവരെ 12 സ്ത്രീകളെ പീഡിപ്പിച്ച്, ചൂഷണത്തിന് ഇരയാക്കിയെന്ന് തെളിയിക്കപ്പെട്ട മെറ്റ് പോലീസുകാരന് 22,000 പൗണ്ട് സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്നതിന് വിലക്കില്ല. യുകെ കണ്ട സീരിയല്‍ റേപ്പിസ്റ്റുകളില്‍ ഒരാളായി മാറിയ മെറ്റ് പോലീസ് ഓഫീസര്‍ ഡേവിഡ് കാരിക്ക് 49 ലൈംഗിക കുറ്റകൃത്യങ്ങളാണ് സമ്മതിച്ചത്. ഇതില്‍ 24 ബലാത്സംഗ കേസുകളും ഉള്‍പ്പെടുന്നു. കുറ്റം സമ്മതിക്കുകയും, കുറ്റവാളിയെന്ന് കോടതി കണ്ടെത്തുകയും ചെയ്തിട്ടും ഇയാള്‍ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ കുശാലായി ജീവിക്കാന്‍ അവസരം ലഭിക്കും. ജയിലില്‍ നിന്നിറങ്ങുന്ന മുറയ്ക്ക് പെന്‍ഷന്‍ ലഭിച്ച് തുടങ്ങും. ജോലിയുമായി ബന്ധപ്പെട്ട് കുറ്റകൃത്യം ചെയ്യുകയും, ഇത് പോലീസ് സംവിധാനത്തിലെ വിശ്വാസ്യത നഷ്ടമാകാന്‍ ഇടയാക്കുകയും ചെയ്തെങ്കില്‍ മാത്രമാണ് പോലീസ് പെന്‍ഷന്‍ പിടിച്ചുവെക്കാന്‍ കഴിയുക. എന്നാല്‍ കാരിക്ക് കുറ്റങ്ങളെല്ലാം ഓഫ് ഡ്യൂട്ടി സമയത്താണ് ചെയ്ത് കൂട്ടിയത്. അതുകൊണ്ട് തന്നെ ഹോം ഓഫീസ് നിയമങ്ങള്‍ പ്രകാരം ഇയാളുടെ ഫൈനല്‍ സാലറി പെന്‍ഷന്‍ തടഞ്ഞുവെയ്ക്കാന്‍ കഴിയില്ലെന്ന് സ്‌കോട്ട്ലണ്ട് യാര്‍ഡ് വ്യക്തമാക്കുന്നു.
കാരിക്കിന് പെന്‍ഷന്‍ നല്‍കുന്നത് തടയാന്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ പിന്തുണ പ്രഖ്യാപിച്ചു. 17 വര്‍ഷക്കാലം നീണ്ട പീഡന പരമ്പരയില്‍ കാരിക്ക് തന്റെ വലയില്‍ വീഴുന്ന സ്ത്രീകള്‍ എന്ത് കഴിക്കണം, ആരോട് സംസാരിക്കണം എന്നീ കാര്യങ്ങള്‍ വരെ നിയന്ത്രിച്ചിരുന്നു. തന്റെ വീട്ടിലെ സ്റ്റെയറിന് കീഴിലെ കബോര്‍ഡില്‍ സ്ത്രീകളെ നഗ്‌നരാക്കി പത്ത് മണിക്കൂര്‍ വരെ അടച്ചിട്ടും ഇയാള്‍ ക്രൂരത കാണിച്ചിരുന്നു. ഒന്‍പത് തവണ പരാതി ലഭിച്ച ശേഷമാണ് കാരിക്കിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായത്.