തൃശൂര്‍- തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സിനിമയെടുത്ത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനും അനുമതിയില്ലാതെ സിനിമാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനുമാണ് നടപടി.
പ്രവീണ്‍ റാണ നിര്‍മ്മിച്ച്, നായകനായി അഭിനയിച്ച 'ചോരന്‍' എന്ന സിനിമ സംവിധാനം ചെയ്ത റൂറല്‍ പൊലീസിന് കീഴിലെ വലപ്പാട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ സാന്‍ഡോ തട്ടിലിനെയാണ് സസ്‌പെന്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രവീണ്‍ റാണയുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനും 2022 ഡിസംബര്‍ 14ന് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിംങില്‍ പങ്കെടുത്തതിനുംനപൊലീസ് വകുപ്പില്‍ നിന്നും അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനാലുമാണ് സാന്റോ തട്ടിലിനെതിരെ നടപടി സ്വീകരിച്ചത്.
തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സപെക്ടര്‍ ജനറലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇതിനിടെ പ്രവീണ്‍ റാണക്കെതിരെ പാലക്കാട് ജില്ലയില്‍ നിന്ന് 14 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
റിമാന്‍ഡിലായ പ്രതിയെ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് പാലക്കാട് പോലീസ് തൃശൂര്‍ കോടതിയില്‍ ഫോര്‍മല്‍ അറസ്റ്റിന്റെ അപേക്ഷ നല്‍കി. വ്യാഴാഴ്ച പ്രവീണ്‍ റാണയുടെ ജാമ്യപേക്ഷക്കൊപ്പം ഇക്കാര്യവും കോടതി പരിഗണിക്കും. പ്രവീണ്‍ റാണയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസും കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)