നിരന്തരമായി കേൾക്കുന്ന ചോദ്യമാണ് നമ്മുടെ യുവതലമുറ എവിടെ പോയി എന്ന്. രാഷ്ട്രീയ യുവജന സംഘടനകളുടെ സമര രംഗത്ത് അവയുടെ അംഗങ്ങളുണ്ടാകുമെന്നല്ലാതെ, മറ്റു പോരാട്ടവേദികളിലൊന്നും അവരെ കാണുന്നില്ല,
മത - സമുദായ സംഘടനകളുടേതല്ലാത്ത സാമൂഹിക പ്രവർത്തന മേഖലകളിലും കാണുന്നില്ല, വായനശാലകളിലോ പുസ്തകവിൽപന ശാലകളിലോ കാണുന്നില്ല, സെമിനാർ ഹാളുകളിൽ കാണുന്നില്ല, നാടകവേദികളിൽ കാണുന്നില്ല എന്നിങ്ങനെ പോകുന്നു യുവതലമുറക്കെതിരായ ആരോപണങ്ങൾ. കഴിഞ്ഞില്ല, അവരെപ്പോഴും മൊബൈൽ ഫോണിലാണ്, സാമൂഹ്യ മാധ്യമങ്ങളിലാണ്, വിദേശത്തു പോകുക മാത്രം ലക്ഷ്യമാക്കിയവരാണ്. ചുരുക്കത്തിൽ സാമൂഹ്യ പ്രതിബദ്ധതയില്ലാത്തവരായി, അരാഷ്ട്രീയവാദികളായി അവർ മാറിയിരിക്കുന്നു.
ഒറ്റ കേൾവിയിൽ ശരിയാണെന്നു തോന്നുന്ന വിമർശനം തന്നെ. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നു തെളിയിക്കുന്ന കാഴ്ചകൾ കേരളത്തിൽ തന്നെ കാണാൻ കഴിയും. അതിനു തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിലോ കോഴിക്കോട്ട് നടക്കുന്ന സാഹിത്യോത്സവത്തിലോ പോയാൽ മതി. ഈ പരിപാടികളിൽ സജീവമായി പങ്കാളികളായ ആയിരക്കണക്കിനു ചെറുപ്പക്കാരെ കാണാൻ കഴിയും. അവരിൽ വലിയൊരു ഭാഗം കൃത്യമായ രാഷ്ട്രീയ നിലപാടുയർത്തിപ്പിടിക്കുന്നവരാണ്. അതൊരു പക്ഷേ മധ്യവയസ്‌കരെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് പ്രൊമോഷൻ കാത്തിരിക്കുന്ന യുവജന സംഘടന പ്രവർത്തകരെയും പോലെ കക്ഷിരാഷ്ട്രീയ നിലപാടുകളായിരിക്കില്ല. ആധുനിക കാലത്തെ അഭിമുഖീകരിക്കുന്ന രാഷ്ട്രീയമാണ് അവർ ഉയർത്തിപ്പിടിക്കുന്നത്. അവരിൽ വലിയൊരു വിഭാഗം സോഷ്യൽ മീഡിയയിൽ പോരാടുന്നതും അതിനായാണ്. ഒരാളുടെയും ഗൃഹാതുരത്വം കൊണ്ടല്ല അതിനെ വിശകലനം ചെയ്യേണ്ടത്.
തീർച്ചയായും ഇന്നത്തെ യുവതലമുറ അസ്വസ്ഥരാണ്. അവരിൽ വലിയൊരു വിഭാഗം തങ്ങളുടെ ചെറുപ്പത്തിൽ വലിയ വിപ്ലവങ്ങളൊക്കെ ചെയ്തു എന്നു വിശ്വസിക്കുന്നവരുടെ മക്കളാണ്. എന്നാലവർ തന്നെ തങ്ങളുടെ മക്കളെ വളർത്തിയത് എങ്ങനെയാണ്? അപ്പോഴേക്കും മിക്ക ദമ്പതികൾക്കും ഒന്നോ രണ്ടോ മക്കൾ മാത്രമായിക്കഴിഞ്ഞിരുന്നു. അണുകുടുംബങ്ങൾ വ്യാപകമായി. അതിവിപ്ലവം പറയുന്നവർ, പഠിക്കുമ്പോഴും തുടർന്നും വലിയ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയവരാണ് തങ്ങൾ എന്നഹങ്കരിക്കുന്നവർ പോലും മക്കളെ രാഷ്ട്രീയ പ്രവർത്തനത്തിനു പോയിട്ട് ശ്വാസം വിടാൻ പോലും ഭയപ്പെടേണ്ട അൺ എയ്ഡഡ്് സ്ഥാപനങ്ങളിൽ പഠിപ്പിച്ചു. അതേ സമയത്തു തന്നെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടുന്നതു പോലും ചോദ്യം ചെയ്യുന്ന സദാചാരപോലീസിംഗ് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ എന്ത് എന്ന ചോദ്യത്തിനു മറുപടിയില്ലായിരുന്നു.
തൊഴിലവസരങ്ങേളാ സംരംഭകത്വമോ ഇല്ലാത്ത ലോകമാണ് മുന്നിൽ. പുതിയ കാലത്തെ അഭിമുഖീകരിക്കാത്ത സാഹിത്യവും കലയും രാഷ്ട്രീയവും സിനിമയുമൊക്കെ അവരിൽ ഒരു താൽപര്യവും ജനിപ്പിക്കാത്തത് സ്വാഭാവികം. രാഷ്ട്രീയക്കാർ സ്വന്തം കുടുംബത്തിലെ എല്ലാവർക്കും ജോലി വാങ്ങിക്കൊടുക്കുന്നതും അവർ കാണുന്നു. മറുവശത്ത് ഇന്റർനെറ്റും സോഷ്യൽ മീഡിയയും തുറന്നു തരുന്ന വിശാലമായ ലോകം. ആ സ്വാതന്ത്ര്യത്തിലേക്ക് അവർ നീങ്ങാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടത്? എന്തും വിരൽതുമ്പിൽ ലഭ്യമാകുമ്പോൾ സാഹിത്യ അക്കാദമി സെമിനാറുകളിലോ പുസ്തക ശാലകളിലോ രാഷ്ട്രീയ പാർട്ടി യോഗങ്ങളിലോ എന്തിനവർ പോകണം? തങ്ങളുടെ ചിന്തകൾക്ക് സ്വാതന്ത്ര്യമോ ആഗ്രഹങ്ങൾക്ക് സാക്ഷാൽക്കാരമോ ഇല്ലാത്തയിടത്തു എന്തിനവർ ജീവിക്കണം? സ്വാഭാവികമായും തങ്ങളെ അംഗീകരിക്കുമെന്നവർ കരുതുന്ന, ആൾക്കൂട്ടത്തിനു പകരം വ്യക്തിയെ മാനിക്കുമെന്നു കരുതുന്ന രാഷ്ട്രങ്ങളിലേക്ക് പോകാനവർ ആഗ്രഹിക്കുന്നു. അതാണ് ഇപ്പോൾ പൊതുവിൽ സംഭവിക്കുന്നത്. അക്കാര്യത്തിൽ കുറ്റക്കാർ യുവതലമുറയല്ല, മധ്യവയസ്‌ക തലമുറയാണ്.
കാര്യങ്ങൾ പൊതുവിൽ ഇങ്ങനെയാണെങ്കിലും യുവതലമുറ നമ്മുടെ പൊതുരംഗത്തുനിന്ന് പൂർണമായും അദൃശ്യരാകുകയാണ് എന്നു കരുതുന്നതിൽ ഒരർത്ഥവുമില്ല എന്നതു തെളിയിക്കുന്ന ദൃശ്യങ്ങളും നിരവധിയാണ്. അവയിൽ രണ്ടെണ്ണമാണ് മുകളിൽ സൂചിപ്പിച്ചത്.
ആധുനിക കാലത്തെ മീഡിയയാണല്ലോ സിനിമ. ആ മേഖലയിലേക്കൊന്നു നോക്കിയാൽ നമുക്കു കാണാനാകുക യുവജനങ്ങളുടെ വൻ സാന്നിധ്യമാണ്. അത് സിനിമ കാണുന്നതിൽ നിന്നാരംഭിച്ച് സിനിമ പിടിക്കുന്നതിൽ വരെ പ്രകടമാണ്. ഐഎഫ്എഫ്‌കെ തന്നെ നോക്കൂ. അതിന്റെ ആദ്യകാലത്ത് കണ്ടിരുന്ന ദൃശ്യങ്ങൾ എന്തായിരുന്നു? കൂടുതലും മധ്യവയസ്‌കർ, ബുദ്ധിജീവികൾ, കവികൾ.... മിക്കവർക്കും സിനിമ കാണുന്നതിനേക്കാൾ താൽപര്യം പുറത്തെ ചർച്ചകളിലും പ്രതിഷേധ പരിപാടികളിലും മദ്യപാന സദസ്സുകളിലുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയോ? വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വൻ പങ്കാളിത്തമാണ് കുറെ വർഷങ്ങളായി കാണുന്നത്. ഭൂരിഭാഗവും സിനിമകൾ ഗൗരവത്തോടെ കാണുന്നവർ.
പലരും സിനിമമേഖലയിൽ പ്രവർത്തിക്കുന്നവർ, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, സിനിമ ഇൻസ്റ്റിറ്റിയൂട്ടുകളിൽ പഠിക്കുന്നവർ. അവിടെയും സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്. കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നടക്കുന്ന ജാതിവിവേചനത്തിനെതിരെ ഇത്തവണ അവിടെ നടന്ന പ്രതിഷേധം തന്നെ ഉദാഹരണം.
സിനിമ കാണുക മാത്രമല്ല ഈ ചെറുപ്പക്കാർ ചെയ്യുന്നത്. മലയാള സിനിമയുടെ മുഖഛായ മാറ്റുന്നതിൽ ഇന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്ട് നടന്ന കേരള സാഹിത്യോത്സവത്തിൽ കണ്ട ദൃശ്യങ്ങളാണ് ഈ എഴുത്തിന് പ്രധാന പ്രചോദനമായത്. സിനിമക്ക് യുവജനങ്ങൾ എത്തുന്നത് മനസ്സിലാക്കാം. എന്നാൽ ഒരു പുസ്തക പ്രസാധക സ്ഥാപനം നടത്തുന്ന സാഹിത്യോത്സവത്തിൽ അവർ എത്തുമോ എന്നു സംശയിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു യുവജന പങ്കാളിത്തം.
നാലു ദിവസങ്ങളിലായി നടന്ന നൂറുകണക്കിനു സംവാദ വേദികളിൽ വൻ യുവജന പങ്കാളിത്തമായിരുന്നു. അവരാകട്ടെ, കേവലം കേൾവിക്കാരായിരുന്നില്ല. പല വേദികളിലും പാനലിസ്റ്റുകളോട് ശക്തമായ ചോദ്യങ്ങൾ അവരുന്നയിച്ചു. ഉദാഹരണമായി സച്ചിദാനന്ദനോടും ബി രാജീവനോടും, നിങ്ങളെന്തിനു അംബേദ്കറെ കുറിച്ചു പറയുമ്പോൾ ഗാന്ധിയെയും മാര്ക്‌സിനെയും കൂടെ കൂട്ടുന്നു എന്നു ചോദിച്ച പെൺകുട്ടി വലിയ കൈയടി തന്നെ നേടി. പ്രധാനമായും ദളിത്, സ്ത്രീ, എൽജിബിടി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ലൈംഗികതയും സദാചാര പോലീസിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളുമായിരുന്നു ചെറുപ്പക്കാർ ഉന്നയിച്ചത്. പുസ്തക വിൽപനയും സജീവമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ വികാരം എവിടെയും വ്യക്തമായിരുന്നു എങ്കിലും ഇരകളാക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ വിഷയങ്ങൾക്ക് സംഘാടകർ കാര്യമായ പ്രാധാന്യം നൽകിയില്ല, പ്രേക്ഷകരും കാര്യമായി ഉന്നയിച്ചില്ല എന്ന പരിമിതി ഉണ്ടായിരുന്നു.
ചുരുക്കത്തിൽ പറയാനുദ്ദേശിച്ചത് ഇതു മാത്രമാണ്. തങ്ങളുടെ ഭൂതകാലം മഹത്തരവും ഇപ്പോഴെല്ലാം തകരാറുമാണെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. അതാതു കാലത്തോട് എന്നും യുവജനങ്ങൾ അവരുടേതായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴുമത് നടക്കുന്നുണ്ട്. ചെറുപ്പത്തിൽ ഇന്റർനെറ്റിനെയോ സോഷ്യൽ മീഡിയയെയോ കുറിച്ചറിയാതിരുന്നവർക്ക് അതുൾക്കൊള്ളാനാവില്ല. എത്രയോ സാമൂഹിക വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പോരാടി യുവതലമുറ വിജയിക്കുന്നു. അവർക്കും പ്രശ്‌നങ്ങൾ കാണും. എന്നാൽ അതിന്റെ പേരിൽ കുറ്റപ്പെടുത്താനുള്ള യാതൊരു അർഹതയും നമുക്കില്ല.