കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയോട് പ്രസംഗത്തില്‍ മാത്രമാണ് വിരോധമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നരേന്ദ്ര മോഡി മനസില്‍ കാണുന്നത് നടത്തികൊടുക്കുന്ന ജോലിയാണ് പിണറായി ചെയ്യുന്നതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. കോഴിക്കോട് കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി.യുമായി ഇന്ത്യയില്‍ ഏറ്റവുമധികം യോജിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേരളത്തിലേതാണ്. പിണറായി വിജയന്‍ ബി.ജെ.പി.യുടെ ശത്രുഭാവത്തിലുള്ള ഉത്തമമിത്രമാണ്. കേരളത്തിലെ സി.പി.എം. നേതാക്കളുടെ വീട്ടില്‍ ഇ.ഡി. പരിശോധനയ്ക്കെത്തുമ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് അതിനാലാണ്. നരേന്ദ്രമോഡി മനസ്സില്‍ കാണുന്നതെല്ലാം നടപ്പാക്കിക്കൊടുക്കുന്ന ജോലിയാണ് പിണറായി നിര്‍വഹിക്കുന്നത്. ബി.ജെ.പി. വിരോധം പ്രസംഗത്തില്‍ മാത്രമേയുള്ളൂ'' അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യത്യസ്ത കഴിവുള്ള നേതാക്കള്‍ ഒരുമിച്ച് പോരാടണം. സാമുദായിക നേതാക്കളുമായും മതമേലധ്യക്ഷന്മാരുമായും പാര്‍ട്ടി നല്ലബന്ധം നിലനിര്‍ത്തണം. അവരുടെ 'തിണ്ണ നിരങ്ങേണ്ട' എന്നൊക്കെ പറഞ്ഞാല്‍ കൈയടികിട്ടും. പക്ഷേ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ടുവീഴില്ല. ഇതെല്ലാം ആര്‍ക്കുമെതിരെ ഒളിയമ്പെയ്യുന്നതല്ല. എനിക്കും ഇതൊക്കെ ബാധകമാണ്. ആദ്യം യുദ്ധം ജയിക്കണം. എന്നിട്ടുവേണം ആരാണ് മുഖ്യമന്ത്രിയാവേണ്ടത്, പ്രധാനമന്ത്രിയാവേണ്ടത് എന്നൊക്കെ തീരുമാനിക്കാന്‍.
അനുകൂലസാഹചര്യങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ കെ. കരുണാകരന് കഴിഞ്ഞിട്ടുണ്ട്. നിയമസഭയില്‍ ഒന്‍പത് സീറ്റുള്ളപ്പോഴും 111 സീറ്റുള്ളപ്പോഴും അദ്ദേഹം പ്രസ്ഥാനത്തെ സമര്‍ത്ഥമായി നയിച്ചു. ഇതില്‍നിന്നൊക്കെ ഇപ്പോഴത്തെ കോണ്‍ഗ്രസിന് പലതും പഠിക്കാനുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.