ശ്രീനഗര്‍- കശ്മീരി യുവാവിനെ മനുഷ്യകവചമാക്കി സൈനിക വാഹനത്തിനു മുമ്പില്‍ കെട്ടിയിട്ട പട്രോള്‍ നടത്തി കുപ്രസിദ്ധനായ സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ ലീതുല്‍ ഗൊഗോയിയെ ശ്രീനഗറിലെ ഒരു ഹോട്ടലില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം പോലീസ് പിടികൂടി. ഹോട്ടലില്‍ വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പോലീസിനെ ഹോട്ടല്‍ അധികൃതര്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവം നടന്ന ശ്രീനഗറിലെ ഹോട്ടല്‍ ഗ്രാന്‍ഡ് മമ്ത അധികൃതര്‍ പറയുന്നതിങ്ങനെ: ബുധനാഴ്ച രാവിലെ 10 മണിയോടെയാണ്് രണ്ടു പേര്‍ മുറി ആവശ്യപ്പെട്ട് ഹോട്ടലിലെത്തിയത്. ഒരാള്‍ മുതിര്‍ന്നയാളും കൂടെയുണ്ടായിരുന്നത് ഇളംപ്രായമുള്ള കശ്മീരി പെണ്‍കുട്ടിയുമായിരുന്നു. മുതിര്‍ന്നയാള്‍ ഗോഗോയ് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഒറ്റയ്ക്ക് വന്നാലും മറ്റാരുടേയെങ്കിലും കൂടെ വന്നാലും പ്രദേശവാസികള്‍ക്ക് റൂം നല്‍കരുതെന്നാണ് ചട്ടം. മുറി തേടി എത്തിയ അതിഥികളുടെ ഐഡന്റിറ്റി രേഖകള്‍ ആവശ്യപ്പെട്ടു. ഇതു പരിശോധിച്ചപ്പോള്‍ പുരുഷന്‍ അസാം സ്വദേശിയും പെണ്‍കുട്ടി കശ്മീര്‍ സ്വദേശിയുമാണെന്നു തെളിഞ്ഞു. മുറി ലഭിക്കണമെങ്കില്‍ വിലാസവും മറ്റു വിവരങ്ങളും അടങ്ങുന്ന ഫോം പൂരിപ്പേക്കണ്ടതുണ്ട്. പെണ്‍കുട്ടി കശ്മീരീ ആണെന്ന് തെളിഞ്ഞതോടെ റൂം നല്‍കില്ലെന്ന് ഇവരെ അറിയിച്ചു.
ഇതോടെ പുറത്തിറങ്ങിയ ഗൊഗോയിയോട് ഇനി എവിടേക്കാണ് പോകുന്നതെന്ന് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ ചോദിച്ചു. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇക്കാര്യം ഗൊഗോയിയെ ഹോട്ടലിലെത്തിച്ച ഡ്രൈവറോട് പറഞ്ഞു. ഇതോടെ ഡ്രൈവര്‍ ഇറങ്ങി വന്ന് ഹോട്ടല്‍ ജീവനക്കാരനോട് വഴക്കിടുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടെ ഗൊഗോയിക്കും അടികിട്ടി. രംഗം വഷളായതോടെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് ഡ്രൈവറേയും ഗൊഗോയിയേയും പെണ്‍കുട്ടിയേയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പ്രായം 17 ആണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രായം പോലീസ് പുറത്തു വിട്ടിട്ടില്ല. മേജര്‍ ഗൊഗോയിയെ അറസറ്റ് ചെയ്ത ശേഷം അദ്ദേഹത്തിന്റെ സൈനിക യൂണിറ്റിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. പോലീസ് ഐജി എസ്.പി പാനി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശ്രീനഗര്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാന്‍ നിയോഗിക്കുകയും ചെയ്തു.