ആലപ്പുഴ- പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
കൂടുതൽ സോളാർ, ജല വൈദ്യുതി പദ്ധതികൾ വഴി സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിർമാണം പൂർത്തിയാക്കിയ ചെങ്ങന്നൂർ വൈദ്യുതി ഭവൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ചുരുങ്ങിയ ചെലവിൽ കേരളത്തിൽ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുകയും അതുവഴി അധിക പണത്തിനു വൈദ്യുതി വാങ്ങുന്ന സ്ഥിതി ഒഴിവാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം തടസ്സമില്ലാത്ത വൈദ്യുതി പ്രവാഹം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി കൂടുതൽ വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കാൻ കഴിയും. വൈദ്യുതി ജീവനക്കാർക്കുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ കവചിത കണ്ടക്ടറുകൾ സ്ഥാപിച്ചുവരികയാണ്. ഇടുക്കി ഡാമിൽ നിന്നും 800 മെഗാവാട്ട് അധികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര അനുമതി ലഭ്യമായാൽ നടപ്പാക്കും. നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന പള്ളിവാസൽ, ശബരിഗിരി വൈദ്യുതി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സാംസ്‌കാരിക വകുപ്പ് മന്ത്രിയും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി. ചീഫ് എൻജിനീയർ ജയിംസ് ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. 28 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിൽ എണ്ണായിരം ചതുരശ്ര അടിയിൽ നിർമിച്ച പുതിയ വൈദ്യുതി ഭവനിൽ ചെങ്ങന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ, ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസുകൾ പ്രവർത്തിക്കും. രണ്ടു കോടി എഴുപത് ലക്ഷം രൂപയാണ് നിർമാണ ചെലവ്. പണം അടയ്ക്കാനായി എത്തുന്ന ഉപഭോക്താക്കൾക്ക് കാത്തിരുപ്പ് മുറി, വനിത ജീവനക്കാർക്ക് പ്രത്യേക വിശ്രമമുറി, ലിഫ്റ്റ് സംവിധാനം, പാർക്കിംഗ് സൗകര്യം, സ്‌റ്റോർ സൗകര്യം, ഫീൽഡ് ജീവനക്കാർക്കുള്ള വിശ്രമമുറി എന്നിവ പുതിയ കെട്ടിടത്തിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 50 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ നിർമാണത്തിന്റെ ഭാഗമായി 10 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ പാനലുകൾ മേൽക്കൂരയിൽ സ്ഥാപിക്കും.
ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, നഗരസഭാ അംഗം അശോക് പടിപ്പുരയ്ക്കൽ, കെ.എസ്.ഇ.ബി. ഡയറക്ടർ സി.സുരേഷ് കുമാർ കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയറക്ടർ വി. മുരുകദാസ് തുടങ്ങിയവർ പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)