റിയാദ്- ഞായറാഴ്ച നടന്ന സ്പാനിഷ് കപ്പ് ഫുട്‌ബോൾ ഫൈനലിന്റെ ആവേശം തീരും മുമ്പ് റിയാദിൽ നാളെ വീണ്ടും ഫുട്‌ബോൾ മാമാങ്കം. നാളെ രാത്രി പത്തിന് റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര മൈതാനിയിൽ നടക്കുന്ന ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്‌ബോളിൽ എ.സി മിലാനും ഇന്റർമിലാനും പോരാടും.
ഇറ്റാലിയൻ സീസണിലെ ആദ്യ ട്രോഫിക്ക് വേണ്ടിയാണ് ഇരു ടീമുകളും മത്സരിക്കുന്നത്. നിലവിലെ സീരി എ ചാമ്പ്യൻ മിലാൻ ലീഗിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണത്തെ ജേതാക്കളായ നാപ്പോളിയെക്കാൾ ഒമ്പത് പോയിന്റ് പിന്നിൽ. അതേസമയം യുവന്റസിനേക്കാളും ഇന്ററിനേക്കാളും ഒരു പോയിന്റ് മാത്രം മുന്നിലും. ഇത് ഞങ്ങൾക്ക് വിജയിക്കാൻ കഴിയുന്ന മറ്റൊരു ട്രോഫിയാണെന്ന് മിലാൻ ഡിഫൻഡർ സെർജിനോ ഡെസ്റ്റ് പറഞ്ഞു. കളിയുടെ തുടക്കത്തിൽ തന്നെ സ്‌കോർ ചെയ്യാൻ ശ്രമിക്കുമെന്നും ഡെസ്റ്റ് വ്യക്തമാക്കി. ലോകകപ്പ് ഫുട്‌ബോളിനായി ഏഴര ആഴ്ചയിലെ ഇടവേളക്ക് ശേഷം സീരി എ പുനരാരംഭിച്ചതു മുതൽ മിലാന്റെ തുടക്കം മോശമായിരുന്നു. എ.സി മിലാനെതിരെ നാളെ നടക്കാനിരിക്കുന്ന സൂപ്പർകോപ്പ (ഇറ്റാലിയൻ കപ്പ്) തീർച്ചയായും ജയിക്കേണ്ട ഒരു മത്സരമായി പരിഗണിക്കുമെന്ന് ഇന്റർ മിഡ്ഫീൽഡർ ഹെൻറിഖ് മഖിതാര്യൻ പറഞ്ഞു. അർജന്റീനിയൻ താരം ലൗട്ടാരോ മാർട്ടിനെസ് ടീമിന് എത്രത്തോളം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ക്ലബ്ബുകളുടെ ചരിത്രത്തിൽ വെറും മൂന്നാം തവണയാണ് ഇന്റർ നാളെ മിലാനെതിരെ ഫൈനലിൽ വരുന്നത്. ഒരു മിലാൻ ഡെർബി കൂടിയാകുമെന്നത് ഇരു ടീമുകൾക്കും ഏറെ പ്രാധാന്യം നൽകുന്നതായിരിക്കും. ഈ സീസണിൽ ആദ്യ ട്രോഫി നേടാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാർട്ടിനെസ് ഞങ്ങൾക്ക് അടിസ്ഥാനപരമായി പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ അദ്ദേഹം ധാരാളം സ്‌കോർ ചെയ്തു. സൂപ്പർ കോപ്പയിലും അദ്ദേഹത്തിന് അത് വീണ്ടും ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മഖിതാര്യൻ പറഞ്ഞു.