റിയാദ്- സൗദി ക്ലബ്ബായ അന്നസ്്‌റിൽ ചേർന്ന ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിവിധ നഗരങ്ങളിലേക്ക് ഫുട്‌ബോൾ മത്സരത്തിനായി കൊണ്ടുപോകാൻ ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കും. റിയാദിൽ താമസിക്കുന്ന ക്രിസ്റ്റിയാനോക്ക് ജിദ്ദ, ദമാം, മജ്മ, ഹുഫൂഫ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ ചാർട്ടേഡ് വിമാനങ്ങളാകും ഉപയോഗിക്കുക. ദീർഘനേരത്തെ റോഡ് യാത്ര ഒഴിവാക്കാനാണിത്. അടുത്ത ഓഗസ്റ്റ് വരെ സൗദിയിൽ വിവിധ ഫുട്‌ബോൾ ലീഗുകളിൽ ക്രിസ്റ്റിയാനോക്ക് മത്സരമുണ്ടാകും. സൗദിയിലെത്തിയ ശേഷമുള്ള ക്രിസ്റ്റിയാനോയുടെ ആദ്യ മത്സരം നാളെയാണ്. റിയാദിൽ പി.എസ്.ജിക്കെതിരെയാണ് അന്നസ്ർ-ഹിലാൽ സംയുക്ത ടീമുകൾ മത്സരിക്കുന്നത്. ഈ മത്സരത്തിൽ സംയുക്ത ടീമിന്റെ നായകൻ ക്രിസ്റ്റ്യാനോ ആയിരിക്കും. പി.എസ്.ജിക്ക് ശേഷമുള്ള മത്സരം കഴിഞ്ഞ് അടുത്ത ഞായറാഴ്ചയാണ് ക്രിസ്റ്റ്യാനോ അന്നസ്‌റിന് വേണ്ടി കളത്തിലിറങ്ങുന്നത്.
മറ്റു രാജ്യങ്ങളിൽ പതിനായിരകണക്കിന് കാണികൾക്ക് മുന്നിൽ കളിച്ചു പരിചയമുള്ള ക്രിസ്റ്റ്യാനോക്ക് സൗദിയിൽ കാത്തിരിക്കുന്നത് താരതമ്യേന ചെറിയ സ്‌റ്റേഡിയങ്ങളാണ്. സൗദി ഫുട്‌ബോളിലെ അതികായരായ അൽ ഹിലാലിനും അൽ ഇത്തിഹാദിനും 62,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഹോം ഗ്രൗണ്ടുകളുണ്ട്. റൊണാൾഡോയുടെ ഹോം ഗ്രൗണ്ട് അൽ നാസറിന്റെ 25,000 ശേഷിയുള്ള മർസൂൽ പാർക്ക് ആയിരിക്കും. റിയാദിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് ഈ ഗ്രൗണ്ട്. അതേസമയം, സൗദിയിലെ കാലാവസ്ഥ ക്രിസ്റ്റ്യാനോക്ക് വെല്ലുവിളി ഉയർത്തുമെന്നും എന്നാൽ അതിനോട് പൊരുത്തപ്പെടാനും സഹചര്യങ്ങളെ മറികടക്കാനുമുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്നും സൗദിയിലെ പ്രമുഖ സ്‌പോർട്‌സ് ദിനപത്രമായ അൽ റിയാദിയ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് സാലിഹ് അൽ ഖലീഫ പറഞ്ഞു. സൗദി ലീഗ് ആരംഭിച്ചത് 1976ലാണ്. എന്നാൽ പ്രോ ലീഗ് ടോപ്പ് ടയറായതിന് ശേഷം 14 വർഷത്തിനുള്ളിൽ ആറ് വ്യത്യസ്ത വിജയികളാണ് ഉണ്ടായത്. ലീഗിന്റെ ബലവും വൈവിധ്യവും ഇംഗ്ലീഷ് ഫുട്‌ബോളുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് സ്വാലിഹ് അൽ ഖലീഫ പറഞ്ഞു. പ്രോ ലീഗിൽ 48 രാജ്യങ്ങളിൽ നിന്നുള്ള 128 വിദേശ കളിക്കാരുണ്ട്. ഓരോ ടീമിനും എട്ട് വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ അനുവാദമുണ്ട്.
ഫ്രഞ്ച് മുൻ താരം റൂഡി ഗാർഷ്യ പരിശീലിപ്പിക്കുന്ന അന്നസ്‌റിൽ, റൊണാൾഡോക്ക് പുറമെ കൊളംബിയ ഗോൾകീപ്പർ ഡേവിഡ് ഓസ്പിനയും ബ്രസീലിയൻ മിഡ്ഫീൽഡർ ലൂയിസ് ഗുസ്താവോയുമുണ്ട്. റൊണാൾഡോയുടെ ആദ്യ ദൗത്യം അൽ നാസറിനെ ലീഗിൽ ഒന്നാമതെത്തിക്കുകയും നാല് വർഷത്തിനുള്ളിൽ തങ്ങളുടെ ആദ്യ കിരീടം ഉറപ്പിക്കുകയും ചെയ്യുക എന്നതാണ്. എന്നാൽ റൊണാൾഡോയെ തടയാനാകും മറ്റു ടീമുകൾ ശ്രമിക്കുക. റൊണാൾഡോ ഒരു ഇതിഹാസമാണ്. എല്ലാ ടീമുകളും റൊണാൾഡോയെ തോൽപ്പിക്കാൻ കളിക്കുമെന്നും ഖലീഫ പറഞ്ഞു.