ജയ്പൂര്‍- നല്ല ഭരണം വായിച്ചു പഠിക്കാന്‍ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാഷണങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച പുസ്തകം നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനം. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ പ്രസംഗങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ചിന്തന്‍ ശിവിര്‍ എന്ന പേരിലുള്ള പുസ്തകം ഗുജറാത്ത് സര്‍ക്കാര്‍ വകയാണ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ അന്തിമ അനുമതി കൂടി ലഭിച്ചാല്‍ ഇവ ഉടന്‍ സംസ്ഥാനത്തെ എല്ലാ ഐഎഎസ് ഓഫീസര്‍മാര്‍ക്കും വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥകാര്യ സെക്രട്ടറി ഭാസ്‌കര്‍ എ സാവന്ത് പറഞ്ഞു. ഇതിനു അനുമതി തേടിയിട്ടുണ്ട്. ഗുജറാത്ത് ചീഫ് സെക്രട്ടറിയാണ് പുസ്തകങ്ങള്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2001 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നല്ല ഭരണം, സമയ ക്രമീകരണം, തീരുമാനമെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മോഡി നടത്തിയ പ്രഭാഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.