വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണത്തെ ഒരു കാലത്ത് നഖശിഖാന്തം എതിർക്കുകയും ഇതിന്റെ പേരിൽ കടുത്ത രീതിയിലുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയത സി.പി.എം വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ വലിയ നയം മാറ്റത്തിനാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കേരളത്തിൽ സ്വകാര്യ, കൽപിത സർവകലാശാലകൾ ആരംഭിക്കാൻ വേണ്ടി ഇക്കഴിഞ്ഞ ഇടതുമുന്നണി യോഗം തീരുമാനമെടുക്കുകയും ഇത് സംബന്ധിച്ച നിർദേശങ്ങൾ സർക്കാരിന് കൈമാറുകയും ചെയ്തിരിക്കുകയാണ്.
ഇടതുമുന്നണി നേതൃയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെങ്കിലും ഇടതുമുന്നണി നേതാക്കളുടെ കൂലങ്കഷമായ ചർച്ചയെ തുടർന്ന് ഉയർന്നു വന്ന കാര്യമൊന്നുമല്ലിത്. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച കേരളത്തിന്റെ ഭാവി വികസന രേഖയിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള തീരുമാനം ഇടതുമുന്നണി യോഗത്തിൽ സി.പി.എം നേതാക്കൾ അവതരിപ്പിക്കുകയും മുന്നണിയിലെ മറ്റു ഘടക കക്ഷികൾ അത് അംഗീകരിക്കുകയും ചെയ്തുവെന്ന് മാത്രം. അതിലപ്പുറമുള്ള ഇഴകീറിയുള്ള ചർച്ചയൊന്നും ഇത്് സംബന്ധിച്ച് മുന്നണി യോഗത്തിൽ നടന്നിരിക്കാനിടയില്ല. സി.പി.എം പറയുന്ന കാര്യങ്ങളിൽ മേലൊപ്പ് ചാർത്തുക മാത്രമാണ് മുന്നണി യോഗത്തിൽ ഘടക കക്ഷി നേതാക്കളുടെ പ്രധാന പരിപാടി.
വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണത്തെ ഒരു കാലത്ത് ശക്തമായി എതിർക്കുകയും ഇതിനെതിരെ ഐതിഹാസിക സമര പരമ്പരകൾ സംഘടിപ്പിക്കുകയും ചെയ്ത സി.പി.എമ്മിന് ഇപ്പോൾ എങ്ങനെയാണ് സംസ്ഥാനത്ത് സ്വകാര്യ-കൽപിത സർവകലാശാലകൾക്ക് അനുമതി നൽകാൻ കഴിയുകയെന്ന ചോദ്യം ഉയർന്നു വരുന്നത് സ്വാഭാവികമാണ്. ഇതിന് സി.പി.എം നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ പറഞ്ഞ മറുപടി പാർട്ടിയുടെ ഭൂതകാലത്തെയും സമര പരമ്പകരളെയും തള്ളിപ്പറയുന്നതിന് തുല്യമായിപ്പോയി.
ഭൂമി പരന്നതാണെന്ന വിശ്വാസം അറിവുണ്ടായപ്പോൾ മാറിയില്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനർത്ഥം അറിവില്ലാത്ത കാലത്ത് സി.പി.എം ചെയ്തുപോയ തെറ്റുകൾ തിരുത്താൻ ഇപ്പോൾ മിനക്കെടുകയാണെന്നാണോ? അന്നത്തെ നിലപാടുകളുടെ പേരിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗം ഒരുപാട് പിന്നിലേക്ക് പോയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സി.പി.എമ്മിന് ഇപ്പോൾ ഒഴിഞ്ഞു മാറാനാകുമോയെന്ന ചോദ്യം പ്രസക്തമാണ്. സ്വാശ്രയ കോളേജുകളും സ്വകാര്യ-കൽപിത സർവകലാശാലകളും നേരത്തെ തന്നെ കേരളത്തിൽ വന്നിരുന്നെങ്കിൽ കേരളം ഇടിഞ്ഞു വീഴുമായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ നയം മാറ്റത്തിന് സി.പി.എമ്മും പിണറായി സർക്കാരും ഒരുങ്ങുന്നതിന് മുൻപ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമെങ്കിലും കേരളത്തിലെ ജനങ്ങളോട് പറയാൻ പാർട്ടിക്ക് സാധിക്കണം.
യു.ഡി.എഫ് ഭരണകാലത്ത് സ്വാശ്രയ കോളേജുകൾക്കെതിരെയുള്ള സമരത്തിന്റെയും അതിനെത്തുടർന്നുള്ള അക്രമത്തിന്റെയും പേരിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ കണക്ക് പാർട്ടിയുടെ കൈവശമുണ്ടോ? മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസത്തിനും വൈവിധ്യങ്ങളായ കോഴ്‌സുകൾ തേടിയും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അന്യ സംസ്ഥാനങ്ങളെയും അന്യ രാജ്യങ്ങളെയും ആശ്രയിക്കേണ്ടി വന്നതിന്റെ ഉത്തരവാദത്തത്തിൽ നിന്ന് സി.പി.എമ്മിന് എങ്ങനെയാണ് ഒഴിഞ്ഞുമാറാൻ സാധിക്കുക.
ഒന്നോ രണ്ടോ ദിവസമോ, മാസമോ അല്ല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിനെതിരെ കേരളത്തിൽ സമരം നടന്നത്. 1994 മുതൽ 96 വരെയുള്ള രണ്ട് വർഷക്കാലം സ്വാശ്രയത്തിന്റെ പേരിൽ കേരളത്തിലെ തെരുവുകൾ ചോരക്കളങ്ങളായി മാറിയിരുന്നു. 1994 നവംബർ 25 കേരളത്തിൽ സി.പി.എമ്മിന് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാണ്. ആ ദിവസത്തിന്റെ പേരിൽ ഇപ്പോഴും വിപ്ലവം ജ്വലിക്കുന്ന ഓർമപ്പരിപാടികൾ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമെല്ലാം സംഘടപ്പിക്കാറുണ്ട്. അന്നാണ് കൂത്തുപറമ്പിൽ ഡി.വൈ.എഫ്.ഐയുടെ അഞ്ച് ധീരസഖാക്കൾക്ക് പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടമായത്.
പരിയാരത്ത് സർക്കാർ വക സ്ഥലത്ത് കെ. കരുണാകരന്റെയും എം.വി. രാഘവന്റെയും നേതൃത്വത്തിലുള്ള ട്രസ്്റ്റ് സ്വകാര്യ മെഡിക്കൽ കോളേജ് ആരംഭിക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ ഡി.വൈ.എഫ്. ഐ നടത്തിയ സമരത്തിനിടെ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എം.വി. രാഘവനെ തടഞ്ഞതിനെ തുടർന്നുള്ള സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.
യൗവന രക്തം തിളച്ച കൂത്തുപറമ്പിൽ നടന്ന ഭരണകൂട കൊലപാതകത്തെ വർഷങ്ങളോളം രാഷ്ട്രീയമായി സി.പി.എം ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ വിപ്ലവ ഗാഥകൾ ഇന്നും മുഴങ്ങിക്കേൾക്കുന്നുമുണ്ട്. ഇന്ന് പാർട്ടി സ്വകാര്യ-കൽപിത സർവകലാശാലകളെ വാരിപ്പുണരുമ്പോൾ അന്ന് പാർട്ടി നടത്തിയ സ്വാശ്രയ വിരുദ്ധ സമരത്തിന് വേണ്ടി തെരുവിലിറങ്ങി വെടിയേറ്റു മരിച്ച സഖാക്കളായ കെ.കെ. രാജീവിന്റെയും കെ. ബാബുവിന്റെയും മധുവിന്റെയും കെ.വി. റോഷന്റെയും ഷിബുലാലിന്റെയും ഓർമകൾ ബാക്കിയാകുകയാണ്. വെടിയേറ്റ് ഒന്ന് അനങ്ങാൻ പോലും കഴിയാതെ ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന, യുവത്വത്തിന്റെ ആവേശമായ സഖാവ് പുഷ്പനോട് പാർട്ടി ഇക്കാര്യത്തിൽ എന്ത് പറയും? അന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച തീരുമാനങ്ങളാണ് എടുത്തിരുന്നതെന്ന് ഒറ്റ വാക്കിൽ പാർട്ടിക്ക് പറഞ്ഞൊഴിയാം. അത് രാഷ്ട്രീയമായ ശരിയുമായിരിക്കാം. എന്നാലും അത് മുഴച്ചു നിൽക്കുന്ന ഏച്ചുകൂട്ടലായി പോകില്ലേ? ഭൂമി പരന്നതാണെന്ന തൊടു ന്യായത്തിന് പകരം അന്നത്തെ രാഷ്ട്രീയ - സാമൂഹ്യ - സാമ്പത്തിക സാഹചര്യങ്ങൾ വിശദമാക്കിക്കൊണ്ട് പുതിയ വിദ്യാഭ്യാസ പരിഷ്‌കരണത്തിന് തുടക്കമിടുകയാണ് സി.പി.എമ്മിന് ചെയ്യാനുള്ളത്.
സ്വാശ്രയ സമരത്തെ മറന്ന് വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ പാത വെട്ടിത്തുറക്കുകയാണ് സി.പി.എമ്മിന് ഇപ്പോൾ ചെയ്യാനുള്ളത്. അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ കേരളം നൂറ് ശതമാനം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിന്നിലാണ്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇവിടെത്തന്നെ ഉന്നത പഠനത്തിനുള്ള വിപുലമായ സംവിധാനങ്ങൾ ഒരുങ്ങേണ്ടതുണ്ട്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പുതിയ കോഴ്‌സുകൾ ഉണ്ടാകേണ്ടതുണ്ട്. പഴയ കാര്യങ്ങളെ ന്യായീകരിച്ച് വഷളാകുന്നതിന് പകരം പുതിയ ചിന്തകളുമായി മുന്നോട്ട് പോകുന്നതാണ് നല്ലത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ പുരോഗതി ലക്ഷ്യമിടുന്ന പദ്ധതികളാണ് വികസന നയരേഖയിൽ വിഭാവനം ചെയ്തിട്ടുള്ളത്. സ്വകാര്യ നിക്ഷേപത്തോടൊപ്പം തന്നെ വിദേശ നിക്ഷേപവും വിദ്യാഭ്യാസ രംഗത്ത് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. പക്ഷേ ഉന്നത വിദ്യാഭ്യാസം പൂർണമായും സ്വകാര്യവൽക്കരണത്തിന് വിട്ടുകൊടുക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ ഉന്നത വിദ്യാഭ്യാസം പണക്കാരുടെ കൈയിലേക്ക് മാത്രം പൂർണമായും ഒതുങ്ങിപ്പോകും. അതിന് ഇടയാകരുത്.
പിന്നോക്ക വിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുമെല്ലാം പഠനത്തിനുള്ള അവസരം ഉണ്ടാകണം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ രംഗത്തെ നയം മാറ്റത്തെ അതീവ ജാഗ്രതോടെ തന്നെ പാർട്ടിയും സർക്കാരും സമീപിക്കേണ്ടതുണ്ട്.