അഹമ്മദാബാദ്-ഗുജറാത്തില്‍ പട്ടം പറത്തല്‍ ഉത്സവത്തിനിടയില്‍ നൂല് കഴുത്തില്‍ കുരുങ്ങി മരിച്ചത് മൂന്ന് കുട്ടികളടക്കം ആറ് പേര്. ഉത്തരായണ്‍ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തല്‍ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.
ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മത്സരത്തില്‍ ആളുകള്‍ കൂട്ടമായി വീടുകുടെ ടെറസില്‍ നിന്നും പട്ടം പറത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ് വീഴ്ത്താന്‍ നൂലില്‍ കുപ്പിച്ചില്ല് അടക്കമുള്ളവ ചേര്‍ക്കുക പതിവാണ്. ഈ നൂല് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞാണ് അപകടമുണ്ടായത്.
പിതാവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസ്സുകാരിയും നൂല് കഴുത്തില്‍ കുരുങ്ങി മരിച്ചു. നൂല് കഴുത്തില്‍ കുരുങ്ങി ഗുരുതരമായി മുറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഞായറാഴ്ച്ചയാണ് മരിച്ചത്.
മറ്റൊരു സംഭവത്തില്‍ കിസ്മത് എന്ന് പേരുള്ള മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. വിസ്നഗര്‍ ടൗണില്‍ ശനിയാഴ്ച്ച അമ്മയ്ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പട്ടത്തിന്റെ നൂല് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയത്. രക്തം വാര്‍ന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍പെട്ടവരില്‍ അധികവും. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ 130 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. 46 പേര് പട്ടം പറത്തുന്നതിനിടയില്‍ ഉയരങ്ങളില്‍ നിന്ന് വീണ് അപകടത്തില്‍പെട്ടു.