ബംഗളുരു- പ്രതിപക്ഷ മുഖ്യമന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും സാന്നിധ്യത്തില്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച കുമാരസ്വാമി വിശ്വാസ വോട്ടു തേടും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ കോണഗ്രസും ജെഡിയും പങ്കുവയ്ക്കും. കോണ്‍ഗ്രസിനു 22 മന്ത്രിമാരും ജെഡിഎസിനു 12 മന്ത്രിമാരുമാണ് ധാരണയായത്. ഇവരുടെ സത്യപ്രതിജ്ഞ വിശ്വാസ വോട്ടെടുപ്പിനു ശേഷം നടക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, യുപി മുന്‍മുഖ്യമന്ത്രിമാരായ മായവതി, അഖിലേഷ് യാദവ് തുടങ്ങി പ്രതിപക്ഷ നേതാക്കളുടെ നീണ്ട നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിച്ചു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിനുമെതിരായ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ഐക്യപ്രകടനമായി ചടങ്ങ്.
ബദ്ധവൈരികളായ പ്രതിപക്ഷ നേതാക്കളുടെ അപൂര്‍വ സമാഗമത്തിനും ബംഗളുരു വേദിയായി. യുപിയിലെ മയാവതിയും അഖിലേഷ് യാദവും ആദ്യമായാണ് ഒരു പൊതുവേദിയില്‍ ഒന്നിക്കുന്നത്. മമത ബാജനര്‍ജിയും യെച്ചൂരിയും പരസ്പരം പുഞ്ചിരിച്ചു.